ഭോപ്പാല്‍: ഗോവധം ആരോപിച്ച് മധ്യപ്രദേശില്‍ ഒരാളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് സംഭവം. റിയാസ് (45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഷക്കീലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പശുവിനെ കൊന്നുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ വടിയും കല്ലും കൊണ്ട് ഇവരെ ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പവന്‍ സിങ് ഗോണ്ട്, വിജയ് സിങ് ഗോണ്ട്, ഫൂല്‍സിങ് ഗോണ്ട്, നാരായണ്‍ സിങ് ഗോണ്ട് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷക്കീലിനെതിരെ ഗോവധത്തിനും കേസെടുത്തിട്ടുണ്ട്. അതേസമയം ഗോവധം നടത്തിയെന്ന ആരോപണം റിയാസിന്റേയും ഷക്കീലിന്റെ കുടുംബങ്ങള്‍ നിഷേധിച്ചു.