X

പൊരുത്തക്കേടുകളും ദുരൂഹതകളും ബാക്കി; ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍ ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിനാണ് അന്വേഷണ ചുമതല.

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ പങ്കുള്ളൂവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേസില്‍ പോലീസ് നല്‍കിയ വിശദീകരണത്തില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. അടക്കമുള്ളവര്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു.

കോവിഡിന് ശേഷം സാമ്പത്തികപ്രതിസന്ധി നേരിട്ട പദ്മകുമാര്‍ പെട്ടെന്ന് പണമുണ്ടാക്കാനായാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നായിരുന്നു എ.ഡി.ജി.പി. നല്‍കിയ വിശദീകരണം. ഒരുവര്‍ഷമായി ഇവര്‍ ഇതിനായി ആസൂത്രണം നടത്തിയെന്നും ഒന്നരമാസം മുന്‍പാണ് ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു. കോടികളുടെ സാമ്പത്തിക ബാധ്യതയായിരുന്നു പദ്മകുമാറിനുണ്ടായിരുന്നത്. മിക്ക വസ്തുക്കളും പണയത്തിലായിരുന്നു. പെട്ടെന്ന് ഒരു തിരിച്ചടവിനായി പത്തു ലക്ഷം രൂപ ആവശ്യം വന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പണം തട്ടാന്‍ തീരുമാനിച്ചതെന്നും പല കുട്ടികളെയും പ്രതികള്‍ ലക്ഷ്യംവെച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

നവംബര്‍ 27-ാം തീയതി വൈകിട്ട് 4.20-ഓടെയാണ് ഓയൂര്‍ കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒന്‍പതുവയസ്സുകാരനായ കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ കാറിലെത്തിയവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ജോനാഥനെ തള്ളിയിട്ട് കാറിലെത്തിയവര്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ നാടാകെ കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ നടന്നു. തെക്കന്‍ജില്ലകളും സംസ്ഥാന അതിര്‍ത്തികളും കേന്ദ്രീകരിച്ച് പോലീസും വിപുലമായ പരിശോധന നടത്തി. പോലീസ് നാടാകെ അരിച്ചുപെറുക്കുന്നതിനിടെയാണ് പിറ്റേദിവസം ഉച്ചയ്ക്ക് ആറുവയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

എല്ലായിടത്തും പോലീസ് പരിശോധന നടത്തുകയാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഓട്ടോയില്‍ ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാത്തന്നൂര്‍ സ്വദേശിയായ പദ്മകുമാറും കുടുംബവുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാംപ്രതി അനിതാകുമാരി കുട്ടിയുടെ അമ്മയെ ഫോണില്‍വിളിച്ചതിന്റെ ശബ്ദരേഖയില്‍നിന്നാണ് പ്രതികളെക്കുറിച്ച് നിര്‍ണായക സൂചന ലഭിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍നമ്പര്‍ ശേഖരിച്ച് നിരീക്ഷണം ശക്തമാക്കിയ പോലീസ് സംഘം തമിഴ്‌നാട്ടിലെ തെങ്കാശിയില്‍നിന്നാണ് മൂവരെയും പിടികൂടിയത്. ഐ.ജി. സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡി.ഐ.ജി. ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

webdesk13: