ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തി മുഖം വികൃതമാക്കിയ പാക് സൈനികര്‍ക്കെതിരെ ഇന്ത്യന്‍ തിരിച്ചടി. ഖേരന്‍ മേഖലയില്‍ ചുരുങ്ങിയത് നാലു പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത സൈന്യം എതിര്‍പക്ഷത്ത് കനത്ത ആള്‍നാശം വരുത്തി.

മോര്‍ട്ടോറുകളും വലിയ മെഷീന്‍ ഗണ്ണുകളും ഉപയോഗിച്ച് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ശനിയാഴ്ച മാത്രം നാലു സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും ആള്‍നാശം വരുത്തിയതായും നോര്‍ത്തേണ്‍ കമാണ്ടന്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി. സിഖ് റെജിമെന്റ് സൈനികന്‍ മന്‍ജീത് സിങിന്റെ തലയറുത്ത പാകിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് രൂക്ഷമായിരിക്കുകയാണ്. ഇതുവരെ ഇന്ത്യന്‍ പക്ഷത്ത് നാലു സൈനികരും മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥരും സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. പാക് ഭാഗത്ത് കനത്ത ആള്‍നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല.