ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്ക് 178 റണ്‍സിന്റെ ഉജ്വല ജയം. 376 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിങ് തുടങ്ങിയ കിവീസ് 197 റണ്‍സിന് ഓള്‍ഔട്ടായി.

ഒരുഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 എന്ന ശക്തമായ നിലയിലായിരുന്ന സന്ദര്‍ശകര്‍ ഇന്ത്യന്‍ സ്പിന്‍ നിര രംഗം കയ്യടക്കിയതോടെ ചെറുത്തുനില്‍പ് പോലും കൂടാതെ കീഴടങ്ങി. സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്രജഡേജ, പേസര്‍ മുഹമ്മദ് സമി എന്നിവര്‍ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.

ഓപണര്‍ ടോം ലതാം(74) മാത്രമാണ് സന്ദര്‍ശക നിരയില്‍ പിടിച്ചു നിന്നു. ഇന്ത്യയുടെ നാട്ടിലെ 250ാം ടെസ്്റ്റ് മത്സരമായിരുന്നു ഇത്. ജയത്തോടെ മൂന്നു മത്സര പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ന്യൂസിലാന്റിനെ നിഷ്പ്രഭമാക്കിയ പ്രകടനത്തിലൂടെ ടെസ്റ്റിലെ ഒന്നാം റാങ്ക് പാകിസ്താനില്‍ നിന്ന് തിരിച്ചു പിടിക്കാനും കോഹ്ലിക്കും സംഘത്തിനുമായി.