ഹൈദരാബാദ്: ഓപ്പണര്‍ മുരളി വിജയ്‌യുടെ സെഞ്ച്വറിയുടെയും ചേതേശ്വര്‍ പുജാരയുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും ബലത്തില്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 223 റണ്‍സെന്ന നിലയിലാണ്. മുരളി വിജയ്‌ക്കൊപ്പം (101) വിരാട് കോഹ് ലിയാണ്(31) ക്രീസില്‍.

149 പന്തില്‍ നിന്നാണ് മുരളിയുടെ സെഞ്ച്വറി. 9ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. പതിനൊന്ന് ഫോറും ഒരു സിക്‌സറും മുരളിയുടെ ബാറ്റില്‍ നിന്ന് പിറന്നു. എന്നാല്‍ 117 പന്തില്‍ നിന്ന് 83 റണ്‍സാണ് പുജാര നേടിയത്. ഒമ്പത് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു പുജാരയുടെ ഇന്നിങ്‌സ്. സെഞ്ച്വറിയിലേക്ക് കുതിച്ച പുജാരയെ ഒടുവില്‍ മെഹ്ദി ഹസന്‍ പുറത്താക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ലോകേഷ് രാഹുലിനെ നഷ്ടമായി. രണ്ട് റണ്‍സെടുത്ത രാഹുലിനെ തസ്‌കിന്‍ അഹമ്മദ് പുറത്താക്കി. പിന്നീട് വന്ന പുജാര വിജയ്‌മൊത്ത് ഇന്നിങ്‌സ് കെട്ടിപ്പൊക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 178 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. ബംഗ്ലാദേശ് ബൗളര്‍മാരെ കാഴ്ചക്കാരാക്കിയ പ്രകടനമാണ് ഇവര്‍ പടുത്തുയര്‍ത്തിയത്.