X

മിന്നിച്ചു ഇന്ത്യ; ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

മൗണ്ട് മാന്‍ഗനോയി: മിന്നിച്ചു ഇന്ത്യ. ആധികാരികതയുടെ അടയാളമായ പ്രകടനത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി വിരാത് കോലിയുടെ സംഘം ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര 3-0 ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്തത് ആതിഥേയര്‍. സമ്പാദ്യം 243 റണ്‍സ്. ഇന്ത്യന്‍ മറുപടി അനായാസമായിരുന്നു. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സന്ദര്‍ശകര്‍ ലക്ഷ്യത്തിലെത്തി. 41 റണ്‍സ് മാത്രം നല്‍കി കിവികളില്‍ മൂന്ന് പേരുടെ ചിറകരിഞ്ഞ മുഹമ്മദ് ഷമിയാണ് കളിയിലെ കേമന്‍. പരമ്പരയില്‍ രണ്ട് മല്‍സരങ്ങള്‍ കൂടി അവശേഷിക്കുന്നു. ഈ കളികളില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കും.പരമ്പരയില്‍ ആദ്യ രണ്ട് മല്‍സരങ്ങള്‍ അനായാസം സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്നലെയും കീത്ത് വില്ല്യംസണിന്റെ ടീം എതിരാളികളായിരുന്നില്ല. മൂന്ന് വിക്കറ്റിന് 59 റണ്‍സ് എന്ന തകര്‍ച്ചയിലേക്ക് തുടക്കത്തില്‍ തന്നെ ഷമിയും ഭുവനേശ്വറും ടീമിനെ തള്ളി വിട്ടിരുന്നു. അവിടെ നിന്ന് റോസ് ടെയ്‌ലറും ടോം ലതാമും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 119 റണ്‍സ് നേടിയത് മാത്രമായിരുന്നു കാര്യമായ ചെറുത്തുനില്‍പ്പ്. ഈ സഖ്യം തകര്‍ന്നതിന് പിറകെ അടുത്ത ഏഴ് വിക്കറ്റുകള്‍ 65 റണ്‍സില്‍ ഇല്ലാതായി.
കോലിയുടെ തന്ത്രങ്ങളായിരുന്നു നൂറ് ശതമാനം വിജയം നേടിയത്. കിവി മുന്‍നിരക്കാരെ അദ്ദേഹം നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. കോളിന്‍ മണ്‍റോ കൂറ്റനടികള്‍ക്ക്് ശ്രമിച്ചെങ്കിലും ഷമിയുടെ പേസ് വില്ലനായി. അനുഭവസമ്പന്നനായ മാര്‍ട്ടിന്‍ ഗുപ്ടിലും ഭുവിയുടെ പന്തില്‍ ഇതേ വിധം മടങ്ങി. ഓപ്പണര്‍മാര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ കോലി പതിവ് പോലെ യൂസവേന്ദ്ര ചാഹലിനെ രംഗത്തിറക്കി. ഓഫ് സ്പിന്നര്‍ നായകനെ നിരാശപ്പെടുത്തിയില്ല. കിവി ക്യാപ്റ്റന്‍ കീത്് വില്ല്യംസണെ പുറത്താക്കാന്‍ ചാഹലിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ മിന്നുന്ന ക്യാച്ചാണ് എടുത്തത്. അഭിമുഖ വിവാദത്തില്‍ പുറത്തായ ഹാര്‍ദിക്കിന് അങ്ങനെ തിരിച്ചുവരവ് ഗംഭീരമാക്കാനായി. തുടര്‍ന്നായിരുന്നു ടെയ്‌ലറും ലോതമും ഒരുമിച്ചത്. ഇവര്‍ വളരെ പതുക്കെ കളിക്കവെ റണ്‍നിരക്ക്് കുറഞ്ഞു. അത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ലതാം പുറത്തായതോടെ ഇന്നിംഗ്‌സും തകരാന്‍ തുടങ്ങി. അനുഭവസമ്പന്നനായ. ടെയ്‌ലര്‍ സ്വന്തം ഭാഗം സംരക്ഷിച്ച് അടിക്കാന്‍ തുടങ്ങിയപ്പോള്‍ ഷമി തിരികെ വന്നു. 106 പന്തില്‍ 93 റണ്‍സ് നേടിയ ടെയ്‌ലറും ആ വഴി മടങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ എല്ലാവരും മികവു കാട്ടി. ഭൂവനേശ്വര്‍ കുമാര്‍ പത്തോവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് പേരെ പുറത്താക്കിയപ്പോള്‍ ഷമി ഒമ്പത് ഓവറില്‍ മൂന്ന് പേരെ മടക്കി. തിരിച്ചുവരവില്‍ ഹാര്‍ദ്ദിക്കിന് നായകന്‍ വിരാത് കോലി പത്തോവറും നല്‍കി. 45 റണ്‍സിന് രണ്ട് വിക്കറ്റും അദ്ദേഹം നേടി. ചാഹല്‍ രണ്ട് പരെ മടക്കിയപ്പോള്‍ കുല്‍ദീപ് യാദവിന് വിക്കറ്റൊന്നും ലഭിച്ചില്ല.ഇന്ത്യന്‍ മറുപടി എളുപ്പത്തിലായിരുന്നു. തിടുക്കമില്ലാതെ കളിച്ച രോഹിത് ശര്‍മ 77 പന്തില്‍ 62 റണ്‍സുമായി തിരിച്ചടിക്ക് നേതൃത്വം നല്‍കി. നല്ല തുടക്കത്തിന് ശേഷം ശിഖര്‍ ധവാന്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ മനോഹരമായ ഇന്‍സ്വിംഗിറില്‍ പുറത്തായെങ്കിലും വിരാത് കോലി കിവി പര്യടനത്തിലെ തന്റെ അവസാന മല്‍സരത്തില്‍ ആദ്യ പന്തിലെ ആശങ്കക്ക്് ശേഷം 60 റണ്‍സുമായി മറുപടി നല്‍കി. കോലി പുറത്തായതിന് ശേഷം അമ്പാട്ട് റായിഡുവും മഹേന്ദ്രസിംഗ് ധോണിക്ക് പകരം ഗ്ലൗസണിഞ്ഞ ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തിയാക്കി. പരമ്പരയിലെ നാലാം മല്‍സരം 31ന് ഹാമില്‍ട്ടണില്‍ നടക്കും.

chandrika: