ന്യൂഡല്‍ഹി: തീവ്രവാദ സംഘടന സംബന്ധിച്ച വിഷയത്തില്‍ പാകിസ്താനെ ‘ഗ്രേ ലിസ്റ്റില്‍’ ഉള്‍പ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ.

തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ ‘ഗ്രേ ലിസ്റ്റില്‍’ ഉള്‍പ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ആണ് പാക്കിസ്താനെ ‘തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപ്പട്ടിക’യില്‍ ഉള്‍പ്പെടുത്തിയത്. പാകിസ്താന്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഇനിയും പരാജയം തുടര്‍ന്നാല്‍ പാക്കിസ്താന്‍ ബ്ലാക്ക് ലിസ്റ്റിലെത്താനും സാധ്യയുണ്ട്. അതോടെ സാമ്പത്തിക, വ്യാപാര മേഖലകളില്‍ കനത്ത ആഘാതമായിരിക്കും പാക്കിസ്താനുണ്ടാവുക.

അതേസമയം ‘ഗ്രേ ലിസ്റ്റില്‍’ നിന്ന് ഒഴിവാകാന്‍ ആവശ്യമായ കര്‍മ പദ്ധതിക്ക് പാക്കിസ്താന്‍ രൂപംനല്‍കിയതായി പാക്ക് പത്രങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.