X

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് ഇന്ന് പുതിയ മാറ്റത്തിനു ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം


ആന്റിഗ്വ: ഒരാഴ്ച്ച മുമ്പ് ലണ്ടനിലെ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജോഫ്രെ ആര്‍ച്ചര്‍ പായിച്ച തകര്‍പ്പന്‍ ബൗണ്‍സര്‍ സ്റ്റീവന്‍ സ്മിത്തിന്റെ കഴുത്തില്‍ പതിച്ച കാഴ്ച്ച എല്ലാ ബാറ്റ്‌സ്മാന്മാര്‍ക്കുമുള്ള മുന്നറിയിപ്പായിരുന്നു. ഇന്നിവിടെ ഇന്ത്യയും വിന്‍ഡീസും ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ വലിയ പ്രശ്‌നം ഇത് തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ശക്തമല്ലാത്ത മുന്നറിയിപ്പ് താരങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു- കഴുത്തിനെ സംരക്ഷിക്കുന്ന ഹെല്‍മറ്റ് ധരിക്കണം.
വിന്‍ഡീസ് സംഘത്തില്‍ മൂന്ന് അതിവേഗക്കാരുണ്ട്. നായകന്‍ ജാസോണ്‍ ഹോള്‍ഡര്‍, ഷാനോണ്‍ ഗബ്രിയേല്‍, കീമാര്‍ റോഷ് എന്നിവര്‍. പേസിനെ പിന്തുണക്കുന്ന പിച്ചില്‍ ഇവര്‍ ബൗണ്‍സറുകളെ ആയുധമാക്കിയാല്‍ അത് തലവേദനയാണ്. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ആരും കഴുത്തിനെ സംരക്ഷിക്കുന്ന ഹെല്‍മറ്റ് ധരിക്കാത്തവരാണ്. ഇന്ത്യന്‍ സംഘത്തില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് കഴുത്ത് കവര്‍ ചെയ്യുന്ന ഹെല്‍മറ്റ് ധരിക്കാറുള്ളത്. ഒരു കാലത്ത് ലോക ക്രിക്കറ്റിലെ അതിവേഗക്കാരുടെ മേച്ചില്‍പ്പുറമായിരുന്നു വിന്‍ഡീസ് മൈതാനങ്ങള്‍. മാല്‍ക്കം മാര്‍ഷലും കോട്‌നി വാല്‍ഷും മൈക്കല്‍ ഹോള്‍ഡിംഗും കര്‍ട്‌ലി അംബ്രോസുമെല്ലാം നിറഞ്ഞാടിയ മൈതാനങ്ങള്‍. എന്നാല്‍ ആ കരുത്ത് ഇന്ന് വിന്‍ഡീസ് പേസ് നിരക്കില്ലെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും സ്വന്തം ഉയരക്കൂടുതല്‍ ആയുധമാക്കി പന്തിനെ കുത്തി ഉയര്‍ത്താന്‍ ഹോള്‍ഡറിനും സംഘത്തിനുമാവും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരാവട്ടെ എല്ലാവരും ശരാശരി ഉയരക്കാരാണ്.
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിക്കുന്ന ആദ്യ മല്‍സരമാണിത്. രണ്ട് വര്‍ഷം ദീര്‍ഘിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിയണമെങ്കില്‍ ഈ കാലയളവില്‍ ഏറ്റവുമധികം പോയിന്റ് സമ്പാദിക്കണം. ജയിച്ചാല്‍ 24 പോയിന്റാണ് സമ്പാദ്യം. വിരാത് കോലി ലക്ഷ്യമിടുന്നത് ഈ മാക്‌സിമം പോയിന്റണ്. ടി-20 പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ സാഹചര്യത്തില്‍ കാര്യമായ വെല്ലുവിളി ടെസ്റ്റിലും പ്രതീക്ഷിക്കുന്നില്ല. ബാറ്റിംഗില്‍ വളരെ പിറകിലാണ് വിന്‍ഡീസുകാര്‍. ടെസ്റ്റില്‍ പൊരുതി കളിക്കാനുള്ള മികവ് സമീപകാലത്തൊന്നും ആരും പ്രകടിപ്പിച്ചിട്ടില്ല. 30 കാരനായ ഡാരന്‍ ബ്രാവോയാണ് ടീമിലെ സീനിയര്‍ ബാറ്റ്‌സ്മാന്‍. ഓപ്പണര്‍ ജോണ്‍ കാംപല്‍, ഷായ് ഹോപ്പ്, ഷമര്‍ ബ്രൂക്ക്‌സ്, ഷിംറോണ്‍ ഹെത്തിമര്‍ എന്നിവരാണ് ടീമിലെ മറ്റ് ബാറ്റിംഗ് വിലാസക്കാര്‍. പക്ഷേ ഇവര്‍ക്കൊന്നും വലിയ ഇന്നിംഗ്‌സിനുള്ള ക്ഷമയില്ല.
ഇന്ത്യക്ക് പ്രശ്‌നം ടീം സെലക്ഷനാണ്. ഇന്നത്തെ പോരാട്ടത്തില്‍ മധ്യനിരയില്‍ ആരെല്ലാമുണ്ടാവുമെന്നതാണ് വലിയ ചോദ്യം. രോഹിത് ശര്‍മ, അജിങ്ക്യ. രഹാനെ എന്നിവര്‍ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹനുമ വിഹാരി പുറത്തിരിക്കേണ്ടി വരും. മുന്‍നിരയില്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും കളിക്കുമ്പോള്‍ അടുത്ത സ്ഥാനങ്ങളില്‍ ചേതേശ്വര്‍ പുജാര, വിരാത് കോലി എന്നിവരിറങ്ങും. വിക്കറ്റ് കീപ്പറുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. വൃദ്ധിമാന്‍ സാഹയും റിഷാഭ് പന്തും രംഗത്തുണ്ട്. ടീമിലെ സീമര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ വരുമ്പോള്‍ ഉമേഷ് യാദവ് പുറത്താവും. സ്പിന്നറായി കുല്‍ദീപ് യാദവിന് നറുക്ക് വീഴുമെന്നാണ് കരുതപ്പെടുന്നത്. പേസിനെ പിന്തുണക്കുന്നതാണ് സാഹചര്യങ്ങള്‍. പതിവ് വിന്‍ഡീസ് ട്രാക്ക് തന്നെ. രാവിലെയുണ്ടാവുന്ന അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ ബൗളര്‍മാര്‍ക്കാവുമ്പോള്‍ കളി പുരോഗമിക്കും തോറും ബാറ്റ്‌സ്മാന് നിയന്ത്രണം നേടാനാവുമെന്നാണ് കരുതപ്പെടുന്നത്. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പിനോടനുബന്ധിച്ച് നിര്‍മ്മിച്ചതാണ് ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയം. 2008 ലായിരുന്നു അവിടെ ആദ്യ ടെസ്റ്റ് അരങ്ങേറിയത്. 10,000 പേര്‍ക്ക് മാത്രം ഇരിപ്പിട സൗകര്യമുള്ള മൈതാനത്തിലെ പച്ചപ്പ് നിറഞ്ഞ ട്രാക്കിനെ ഉപയോഗപ്പെടുത്താന്‍ മോഹിക്കുന്നവരാണ് സീമര്‍മാര്‍.
ജസ്പ്രീത് ബുംറ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സീമറാണ്. സ്ലോ യോര്‍ക്കറുകള്‍ പായിക്കാന്‍ മിടുമിടുക്കന്‍. ലോകകപ്പിന് ശേഷം അദ്ദേഹത്തിന് അവധികാലമായിരുന്നു. പൂര്‍ണ ആരോഗ്യവാനായാണ് മുംബൈക്കാരന്‍ കളത്തിലിറങ്ങുന്നത്, കൂട്ടിന് മുഹമ്മദ് ഷമിയും ഭുവനേശ്വറുമുണ്ട്. പന്ത് സ്വിംഗ് ചെയ്യിക്കാന്‍ മിടുക്കനാണ് ഷമി. ലോകകപ്പില്‍ ഹാട്രിക്ക് സ്വന്തമാക്കിയ സീമര്‍. കൃത്യതയാണ് ഭൂവനേശ്വറിന്റെ ആയുധം. പേസര്‍മാര്‍ക്ക് മാത്രമല്ല വിന്‍ഡീസ് പിച്ചുകല്‍ ഗുണകരം. സ്പിന്നര്‍മാര്‍ക്കും അവസരമുണ്ടാവും. ഇന്ത്യ അവസാനമായി ഇവിടെ കളിച്ചപ്പോള്‍ പരമ്പരയിലെ കേമന്‍ സ്പിന്നര്‍ ആര്‍. അശ്വിനായിരുന്നു.
മഴ ഭീഷണിയുണ്ട് മല്‍സരത്തിന്. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴിനാണ് പോരാട്ടം ആരംഭിക്കുന്നത്. ടെന്‍ സ്‌പോര്‍ട്‌സ് ഒന്നില്‍ തല്‍സമയം.

web desk 1: