X

രോഹിത് ദീപാവലി: ഇന്ത്യക്ക് 71 റണ്‍സ് ജയം, പരമ്പര

ലക്‌നൗ: ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അടിപൊളി ദീപാവലി… പൂത്തിരികളായി എട്ട് ബൗണ്ടറികള്‍… കമ്പിത്തിരികളായി ഏഴ് സിക്‌സറുകള്‍… 61 പന്തില്‍ പുറത്താവാതെ 111 റണ്‍സ് നേടിയ നായകന്റെ ഇടിമിന്നല്‍ ഇന്നിംഗ്‌സില്‍ വിന്‍ഡീസ് നാമാവശേഷമായി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ സ്വന്തമാക്കിയ രണ്ട് വിക്കറ്റിന് 195 റണ്‍സ് എന്ന കൂറ്റന്‍ സ്‌ക്കോറിന് മുന്നില്‍ വിന്‍ഡീസുകാര്‍ അതിവേഗം തലകുനിച്ചപ്പോള്‍ ടി-20 പരമ്പര ഇന്ത്യക്ക് സ്വന്തം. 71 റണ്‍സിനായിരുന്നു ഇന്നലെ ഇന്ത്യന്‍ ജയം. വിന്‍ഡീസ് ഇന്നിംഗ്‌സ് ഒമ്പത് വിക്കറ്റിന് 124 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു.
ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ മല്‍സരത്തില്‍ അല്‍പ്പമെങ്കിലും ചെറുത്ത് നില്‍പ്പ് നടത്തിയിരുന്നു കരിബീയക്കാര്‍. ഇവിടെ പക്ഷേ ദീപാവലി നാളില്‍ അവര്‍ വട്ടപ്പൂജ്യമായി. രോഹിതായിരുന്നു വമ്പന്‍. നല്ല തുടക്കം കിട്ടിയാല്‍ വലിയ ഇന്നിംഗ്‌സ് കളിക്കുന്ന താരമെന്ന ഖ്യാതിയുള്ള രോഹിത് ഇന്നലെ ശിഖര്‍ ധവാനെ സാക്ഷി നിര്‍ത്തി ആദ്യ വിക്കറ്റില്‍ 123 റണ്‍സ് നേടി. തട്ടുതകര്‍പ്പനായിരുന്നു ഇരുവരും. വിന്‍ഡീസ് രംഗത്തിറക്കിയ ബൗളര്‍മാരെയെല്ലാം പുഷ്പം പോലെയായിരുന്നു രോഹിത് കശക്കിയത്. ആര്‍ക്കും നിലയുറപ്പിക്കാന്‍ അവസരം നല്‍കിയില്ല. എല്ലാ ഷോട്ടുകളും ഒന്നിനൊന്ന് മെച്ചം. 43 റണ്‍സ് നേടിയ വേളയില്‍ ധവാന്‍ പുറത്തായി. പകരമെത്തിയ റിഷാഭ് പന്ത് ആറ് പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഈ രണ്ട് വിക്കറ്റുകള്‍ നിലം പതിച്ചതിന് ശേഷം കെ.എല്‍ രാഹുലായിരുന്നു രോഹിതിന് കൂട്ട്. അവസാന ഓവറുകളില്‍ നാല് ബൗണ്ടറികളാണ് ക്യാപ്റ്റന്‍ നേടിയത്. ഈ ഓവറിലായിരുന്നു ശതകവും. ഭാരിച്ച ദൗത്യവുമായി വിന്‍ഡീസ് രംഗത്തിറക്കിയത് ഫോമിലുളള ഷായ് ഹോപ്പിനെയും ഹെത്തിമറെയും. ഹോപ്പിനെ ഖലീല്‍ അഹമദ് പെട്ടെന്ന് മടക്കി. ഹെത്തിമറിന്റെ വിക്കറ്റും ഖലീല്‍ തന്നെ സ്വന്തമാക്കിയതോടെ ചിത്രം വ്യക്തമായി. കുല്‍ദീപ് യാദവിന്റെ സ്പിന്‍ വന്നതോടെ പതിവ് പോലെ കരിബീയക്കാര്‍ കുഴങ്ങി. പിന്നെയെല്ലാം എളുപ്പമായി. രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍. അവസാന മല്‍സരം നാളെ കഴിഞ്ഞ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: