തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. വിലക്ക് മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായും വരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. മറ്റ് മാധ്യമങ്ങള്‍ കോഫി ഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവില്‍ പറയുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ കോഫിഹൗസ് ബ്രാഞ്ചുകളിലെയും മാനേജര്‍മാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. ഇതില്‍ തീര്‍ത്തും ഒഴിവാക്കേണ്ട മാധ്യമങ്ങളുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം അഡ്മിനിസ്‌ട്രേറ്റര്‍ കൈകൊണ്ടത്. സിഐടിയുയുടെ ആവശ്യപ്രകാരം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററാണ് നിലവില്‍ കോഫി ഹൗസിന്റെ ഭരണം നടത്തുന്നത്.