X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: ഇംപാക്ട് താരത്തിലെ പുത്തന്‍ പുലിവാല്‍

അഹമ്മദാബാദ്: പോയ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പ്രാഥമിക റൗണ്ടിലെ തങ്ങളുടെ അവസാന മല്‍സരം കളിക്കുന്നു. പ്രതിയോഗികള്‍ കെ.എല്‍ രാഹുലിന്റെ ശക്തരായ ലക്നൗ സൂപ്പര്‍ ജയന്റ്സ്. പ്ലേ ഓഫിലെത്താന്‍ കൊല്‍ക്കത്തക്കാര്‍ക്ക് വിജയം അനിവാര്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗക്കാര്‍ വിക്കറ്റൊന്നും പോവാതെ 210 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കൊല്‍ക്കത്തക്കാര്‍ പതറിയതാണ്. പക്ഷേ റിങ്കുസിംഗ് എന്ന യുവതാരം അടിച്ചുതകര്‍ത്ത പോരാട്ടത്തിന്റെ അവസാന ഓവര്‍. കൊല്‍ക്കത്തക്കാര്‍ക്ക്് ജയിക്കാന്‍ 21 റണ്‍സ്. സാധ്യത അപ്പോഴും ബാക്കി. ഓസ്ട്രേലിയക്കാരന്‍ മാര്‍ക്കസ് സ്റ്റോനിസാണ് അവസാന ആറ് പന്തുകള്‍ എറിയുന്നത്. ആദ്യ പന്തില്‍ ബൗണ്ടറി, രണ്ടും മൂന്നും പന്തുകളില്‍ സിക്സര്‍. അങ്ങനെ പതിനാറ് റണ്‍സ്. പിന്നെ അഞ്ച് റണ്‍സ് മാത്രമാണ് ബാക്കി. പക്ഷേ അഞ്ചാമത് പന്തില്‍ വിന്‍ഡീസുകാരന്‍ ഇവാന്‍ ലൂയിസ് എടുത്ത അവിശ്വസനീയ ക്യാച്ചില്‍ റിങ്കു പുറത്താവുന്നു. പിന്നെ ഒരു പന്തും വിജയിക്കാന്‍ മൂന്ന് റണ്‍സും. ഉമേഷ് യാദവാണ് ക്രീസിലെത്തിയത്. അവസാന പന്തില്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ഉമേഷിനെ സ്റ്റോനിസ് ക്ലീന്‍ ബൗള്‍ഡാക്കി. മല്‍സരം ലക്നൗ സ്വന്തമാക്കി. കൊല്‍ക്കത്തക്കാര്‍ പുറത്തായി. മല്‍സരത്തിന് ശേഷം സംസാരിക്കവെ കൊല്‍ക്കത്താ സംഘത്തിന്റെ സി.ഇ.ഒ വെങ്കി മൈസുര്‍ പറഞ്ഞത് ഇങ്ങനെ- ഞങ്ങള്‍ ജയിച്ച മല്‍സരമായിരുന്നു. ഇവാന്‍ ലൂയിസിന്റെ ആ ക്യാച്ച് ഇല്ലായിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. ഉമേഷ് നല് ബാറ്ററല്ലല്ലോ.. അദ്ദേഹം വലിയ ഷോട്ടിന് ശ്രമിച്ച് പുറത്തായി….

ഈ മല്‍സരാനുഭവം ഇപ്പോള്‍ പറയാനൊരു കാരണമുണ്ട്. ഇത്തവണ-അതായത് ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളുടെ പ്രധാന സവിശേഷത ഇംപാക്ട് താരം എന്ന നിയമമാണ്. നേരത്തെ പറഞ്ഞ നിയമം അവസാന സീസണില്‍ ഉണ്ടായിരുന്നെങ്കില്‍ റിങ്കുസിംഗ് പുറത്തായി അവസാന പന്തില്‍ മൂന്ന് റണ്‍ വേണ്ട ഘട്ടത്തില്‍ കൊല്‍ക്കത്തക്കാര്‍ ഉമേഷിന് പകരം ഇംപാക്ട് താരത്തെ ഇറക്കി ജയിക്കാമായിരുന്നു. ഇംപാക്ട് താരം എന്ന പുത്തന്‍ നിയമത്തില്‍ ഏത് ടീമിനും ഏത് ഘട്ടത്തിലും പ്രഖ്യാപിത ഇലവനില്‍ നിന്നും ഒരാളെ മാറ്റി ഇംപാക്ട് താരമെന്ന പേരില്‍ പ്രയോജനപ്പെടുത്താനാവുന്ന ഒരു കളിക്കാരനെ ഇറക്കാം. നിയമ പ്രകാരം ഒരു ടീമില്‍ നാല് വിദേശ താരങ്ങള്‍ക്കാണ് അവസരം. പ്ലെയിംഗ് ഇലവനില്‍ നാല് വിദേശ താരങ്ങള്‍ കളിക്കുന്നുവെങ്കില്‍ ഇംപാക്ട് പ്ലെയര്‍ ഇന്ത്യക്കാരനായി മാറും. ഈ നിയമത്തിന്റെ ലക്ഷ്യമായി ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക്് കൂടുതല്‍ അവസരം നല്‍കുക എന്നതാണ്. വിദേശ താരങ്ങള്‍ക്ക് എന്തയാലും എല്ലാ ടീമുകളും ആദ്യ ഇലവനില്‍ തന്നെ അവസരം നല്‍കുമ്പോള്‍ ഇംപാക്ട് താരമെന്ന നിലയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്നെയാവും അവസരങ്ങള്‍. ഈ അവസരം പ്രയോജനപ്പെടുത്തുന്നപക്ഷം ഇത്തരം താരങ്ങള്‍ക്ക് ടീമിലെ സ്ഥാനം ഉറപ്പിക്കാനാവും. ടോസിന് മുമ്പാണ് നേരത്തെ ടീം ലിസ്റ്റ് നല്‍കുന്നതെങ്കില്‍ ഇത്തവണ ടോസിന് ശേഷം ടീമില്‍ മാറ്റം വരുത്താനും അവസരമുണ്ട്. അതിനാല്‍ ക്യാപ്റ്റന്മാര്‍ രണ്ട് ലിസ്റ്റുമായിട്ടായിരിക്കും ടോസനിറങ്ങുക.

ഇംപാക്ട് പ്ലെയര്‍ നിയമം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ സീസണിലെ ആഭ്യന്തര മല്‍സരങ്ങളില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയിരുന്നു. മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റിലായിരുന്നു ഇത് പരീക്ഷിച്ചത്. എന്നാല്‍ ഇംപാക്ട് താരമെന്ന സാധ്യത പലപ്പോഴും ടീം പ്രതിസന്ധിയിലെത്തുമ്പോള്‍ മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്നും കളിയെ സ്വാധീനിക്കുന്ന തരത്തില്‍ ഇത് മാറുന്നില്ലെന്നുമാണ് മുഷ്താഖ് അലി ട്രോഫി മല്‍സരങ്ങള്‍ കണ്ട ഐ.പി.എല്‍ ടീം പരിശീലകര്‍ അഭിപ്രായപ്പെട്ടത്. ഫുട്ബോളിലെ സബ്സ്റ്റിറ്റിയൂട്ട് നിയമം പോലെയാണിതെന്നാണ് പരിശീലകര്‍ പറയുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ബാറ്ററെയായിരിക്കും ഇംപാക്ട് താരമായി തെരഞ്ഞെടുക്കുക. ബൗളിംഗ് ചെയ്യുന്ന ടീമാവട്ടെ ഇംപാക്ട് താരമായി ബൗളര്‍ക്കായിരിക്കും അവസരം നല്‍കുക. അതിനാല്‍ ശരിക്കും സബ്സ്റ്റിറ്റിയൂട്ട് നിയമം പോലെയാണ് കാര്യങ്ങളെന്ന് ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ് ടീം ഡയരക്ടര്‍ മൈക് ഹെസണ്‍ പറഞ്ഞു.

ടോസിന് ശേഷവും ടീമില്‍ മാറ്റം വരുത്താമെന്ന പുതിയ നിയമം കൊണ്ട് ചിലപ്പോള്‍ കാര്യമുണ്ടാവും. ഇന്ത്യന്‍ മൈതാനങ്ങളില്‍ രണ്ടാമത് ബൗളിംഗ് പ്രയാസകരമായി മാറുമ്പോള്‍ അതിന് അനുയോജ്യമായ ടീമില്‍ മാറ്റം വരുത്താനാവും. രാത്രിയിലെ മല്‍സരമാവുമ്പോള്‍ രണ്ടാമത് ബൗളിംഗ് എളുപ്പമാവില്ല. മഞ്ഞ് വീഴ്ച്ചയില്‍ ബൗളര്‍മാര്‍ക്ക്് ഉദ്ദേശിച്ച തരത്തില്‍ പന്തില്‍ ഗ്രിപ്പ് ലഭിക്കില്ല. ഇന്ന് ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ വരുമ്പോഴറിയാം ഇംപാക്ട് താരത്തെ എങ്ങനെയാണ് രംഗത്തിറക്കുക എന്നത്. ഇംപാക്ട് താരത്തിന്റെ കാര്യത്തില്‍ ടീമുകളുടെ നായകന്മാര്‍ വിത്യസ്ത അഭിപ്രായക്കാരാണ്. ഇന്ന് ആദ്യം ബാറ്റ് ചെയ്യുന്നവര്‍ രംഗത്തിറക്കുന്ന ഇംപാക്ട് താരമായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ ഇംപാക്ട് താരം. ആ താരം ചെന്നൈക്കാരനോ, അതോ ഗുജറാത്തുകാരനോ…? വൈകീട്ടറിയാം

webdesk11: