കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് വേഗത കൂടുമ്പോള്‍ യാത്രക്കാര്‍ ആശങ്കയില്‍. 100 ദിവസത്തിനുള്ളില്‍ രണ്ടു തീവണ്ടികള്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന് കൈമാറാനാണ് ഉദ്ദ്യേശിക്കുന്നത്. കോച്ച് നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികളും സ്വകാര്യമേഖലക്ക് കൈമാറാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഏറ്റവും ലാഭകരമായി നീങ്ങുന്ന ചെന്നൈ, ഡല്‍ഹി, മുംബൈ, ഹൗറ എന്നിവ ഉള്‍പ്പെടുന്ന സുവര്‍ണ ചതുഷ്‌കോണ്‍ ലൈനിലാണ് സ്വകാര്യവല്‍ക്കരണത്തിന് തുടക്കമിടുന്നത്. ഇവിടെ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ വണ്ടികളാണ് തുടക്കത്തില്‍ സ്വകാര്യവല്‍ക്കരിക്കുക. രാജധാനി, ശതാബ്ദി ട്രെയിനുകളും സ്വകാര്യവല്‍ക്കരിക്കാന്‍ ആലോചനയുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നതോടെ യാത്രാക്കൂലി കൂടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ ടിക്കറ്റ് നിരക്കിന്റെ 53 ശതമാനം റെയില്‍വെ സബ്‌സിഡിയാണ്. സ്വകാര്യ ഏജന്‍സികള്‍ വരുന്നതോടെ സബ്‌സിഡി ഇല്ലാതാവും. സ്വാഭാവികമായും ടിക്കറ്റ് നിരക്ക് കുതിച്ചുയരും. ചരക്കുനീക്കവും സ്വകാര്യമേഖലക്ക് കൈമാറാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ലോക്കോപൈലറ്റുമാര്‍, ടെക്‌നിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തുന്നില്ല. ഒന്നര വര്‍ഷം മുമ്പ് തയാറാക്കിയ ലിസ്റ്റില്‍ നിന്ന് ആരെയും നിയമിച്ചിട്ടില്ല.ശുചീകരണം ഉള്‍പ്പെടെയുള്ള മേഖലകളിലും നിയമനം നടത്താതെ സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുകയാണ്. ട്രാക്കുകളുടെ പരിശോധന അടക്കം അത്യന്തം ശ്രദ്ധയും സൂക്ഷ്മതയും ആവശ്യപ്പെടുന്ന രംഗത്തുപോലും സ്വകാര്യ ഏജന്‍സികളെ നിയോഗിക്കാന്‍ റെയില്‍വേ മടിക്കുന്നില്ല. ചരക്കുനീക്കവും സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയാണ്.
അതിനിടെ തീവണ്ടികള്‍ വഴിയുള്ള പാര്‍സല്‍ സര്‍വീസ് നിര്‍ത്തിയതും തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി. അഞ്ചു മിനുട്ടില്‍ കുറവ് സമയം സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന വണ്ടികളിലൊന്നും പാര്‍സല്‍ സ്വീകരിക്കേണ്ടതില്ല എന്നാണ് റെയില്‍വേ തീരുമാനിച്ചിട്ടുള്ളത്. 2018 ഓഗസ്റ്റ് മുതല്‍ തീരുമാനം നടപ്പാക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് നിര്‍ബന്ധം പിടിച്ചിരുന്നില്ല. എന്നാല്‍, ജൂണ്‍ മുതല്‍ നിയമം കര്‍ശനമാക്കിയിരിക്കുകയാണ്. എല്ലാ സ്റ്റേഷനുകളിലും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. കോഴിക്കോട് സ്‌റ്റേഷന്‍ വഴി 90ലേറെ വണ്ടികള്‍ കടന്നുപോകുന്നുണ്ട്. ഇവയില്‍ മിക്കതിലും പാര്‍സല്‍ അയക്കാന്‍ പറ്റിയിരുന്നു ഇതുവരെ. പുതിയ നിയമം വന്നതോടെ രണ്ടോ മൂന്നോ വണ്ടികളില്‍ മാത്രമേ പാര്‍സല്‍ അയക്കാന്‍ പറ്റു എന്നാണ് അവസ്ഥ. ഇതോടെ റെയില്‍വേക്ക് പാര്‍സല്‍ വഴിയുള്ള വരുമാനം 70 ശതമാനം കുറയും. ചെന്നൈ, ബംഗളുരു, ഗുഹാവതി എക്‌സ്പ്രസുകളില്‍ പാര്‍സല്‍ അയക്കാന്‍ പറ്റില്ല. ഇത്തരത്തില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ പുതിയ തന്ത്രങ്ങള്‍ റെയില്‍വേ പയറ്റുമ്പോള്‍ ജീവനക്കാരും യാത്രക്കാരും ഒരുപോലെ ആശങ്കയിലാണ്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയുന്നതാണ് റെയില്‍വേയെ ആശ്രയിക്കാന്‍ സാധാരണക്കാരെ പ്രവേശിപ്പിക്കുന്നത്. യാത്രാവണ്ടികള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് തീറെഴുതി കൊടുക്കുന്നതോടെ ടിക്കറ്റ് നിരക്കും തോന്നിയപോലെയാവും. ഏജന്‍സികളെ നിയന്ത്രിക്കാന്‍ റെയില്‍വേക്ക് സാധിക്കില്ല. യാത്രക്കാര്‍ക്ക് അമിതഭാരം സഹിക്കേണ്ടിവരും.