ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ 42 കോടി രൂപ ചെലവിട്ട് ചാണകം വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.  ട്രെയിനുകളില്‍ സ്ഥാപിക്കുന്ന ബയോ ടോയ്‌ലറ്റുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ബാക്ടീരിയകളെ ഉല്‍പാദിപ്പിക്കാനാണ് 3350 ലോഡ് ചാണകം വില കൊടുത്തു വാങ്ങുന്നത്. ബയോ ടോയ്‌ലറ്റുകളില്‍ നിന്നുള്ള മാലിന്യം വിഘടിപ്പിക്കുന്നതിനുള്ള ബാക്ടീരിയകളെ ഉല്‍പാദിപ്പിക്കാനുളള ഇനോക്കുലം നിര്‍മിക്കാനാണ് ചാണകം ഉപയോഗിക്കുന്നത്.

ബയോ ടോയ്‌ലറ്റുകളാണ് ഇന്ത്യന്‍ റെയില്‍വേയുടെ 45 ശതമാനം തീവണ്ടികളിലും സ്ഥാപിച്ചിട്ടുള്ളത്. ഈ വര്‍ഷത്തോടെ എല്ലാ തീവണ്ടികളിലും ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് ചാണകം വന്‍തോതില്‍ വാങ്ങുന്നത്. നിലവിലെ ബയോ ടോയ്‌ലറ്റുകളെ കുറിച്ച് വ്യാപക പരാതിയാണ് സി. എ.ജി റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ യാത്രക്കാര്‍ ശരിയായ രീതിയില്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാത്തതാണ് ബയോ ടോയ്‌ലറ്റുകള്‍ കേടുവരാന്‍ കാരണമെന്നാണ് റയില്‍വേയുടെ വാദം. മനുഷ്യ മാലിന്യം വിഘടിപ്പിച്ച് മീഥൈനും ജലവുമാക്കി മാറ്റുന്ന പ്രക്രിയയാണ് ബയോടോയ്‌ലറ്റുകളിലേത്. ഇതിനായി ടോയ്‌ലറ്റുകളോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന ചെറിയ ടാങ്കുകളില്‍ 60 ലിറ്റര്‍ വീതം ഈനോക്കുലം ആവശ്യമാണ്. ചാണകവും വെളളവും ചേര്‍ത്താണ് ഇത് തയാറാക്കുന്നത്. 2018ല്‍ ടാങ്കുകള്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനായാണ് 3,350 ട്രക്ക് ലോഡ് ചാണകം ആവശ്യമായി വരുന്നത്. നാഗ്പൂരില്‍ നിന്നുമാണ് നിലവില്‍ ഈനോക്കുലം നിര്‍മിക്കുന്നത്. റെയില്‍വേയുടെ 199,689 ബയോടോയ്‌ലറ്റുകളില്‍ 25,000 ടോയ്‌ലറ്റുകള്‍ തകരാറിലാണെന്ന് സി. എ. ജി കണ്ടെത്തിയിരുന്നു.

613 ട്രെയിനുകള്‍ സി.എ.ജി പരിശോധനക്ക് വിധേയമാക്കിയതില്‍ 160 തീവണ്ടികളില്‍ ബയോടോയ്‌ലറ്റുകള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ബയോ ടോയ്‌ലറ്റ് സംബന്ധിച്ച് 1,02,792 പരാതികളാണ് ലഭിച്ചത്. ഇതില്‍ ദുര്‍ഗന്ധവും പുകച്ചിലുമാണ് ഏറെപ്പേരും പരാതിപ്പെട്ടത്. ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തിക്കാത്തത്, ഡസ്റ്റ്ബിന്‍ ഇല്ലാത്തത്, വെള്ളമെടുക്കാനുള്ള പാത്രമില്ലാത്തത്, പൈപ്പുകള്‍ പ്രവര്‍ത്തിക്കാത്തത് തുടങ്ങിയവയും പരാതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.