ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ അവകാശവാദം തെറ്റെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് സ്‌നോഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

രാജ്യത്തെ പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ 500 രൂപക്ക് വില്‍പനക്ക് വെച്ച കാര്യം ദി ട്രിബ്രൂണ്‍ പത്രം കഴിഞ്ഞ ദിവസം പുറത്തു വിട്ടതിനു പിന്നാലെയാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ ഇടപാടുവഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ 500 രൂപ മാത്രം ചെലവിട്ടാല്‍ മതിയെന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞു ബിജെപിയും രംഗത്തെത്തി. എന്നാല്‍ സ്‌നോഡന്റെ വ്യക്തമായ വെളിപ്പെടുത്തല്‍ ബിജെപിയെ പ്രതിരോധത്തിലായിരിക്കുകയാണ്.

അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ)യില്‍ നിന്നും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് റഷ്യയിലെ അജ്ഞാത കേന്ദ്രത്തില്‍ കഴിയുകയാണ് വിസില്‍ബ്ലോവര്‍ കൂടിയായ എഡ്വേര്‍ഡ് സ്‌നേഡന്‍.

ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ചോര്‍ത്തിയിരിക്കാമെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അമേരിക്കയിലെ സി.ബി.എസ് മാധ്യമ പ്രവര്‍ത്തകന്‍ സാക് വിറ്റാക്കറിന്റെ ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ടാണ് സ്‌നോഡന്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന് വ്യക്തമാക്കിയത്.

സ്വകാര്യ ജീവിതങ്ങള്‍ രേഖകളാക്കുകയെന്നത് സര്‍ക്കാറുകളുടെ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ അന്തിമ വിചാരണ 17ന് ആരംഭിക്കാനിരിക്കെയാണ് വെറും 500 രൂപക്ക് കോടിക്കണക്കിനു പേരുടെ ആധാര്‍ വിവരങ്ങള്‍ ലഭ്യമാണെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സുപ്രീം കോടതി വിധിച്ചിരുന്നു.