ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബ്രസീല്‍ ദേശീയ ടീം ജഴ്‌സിയില്‍ കളിക്കാമെന്ന സൂപ്പര്‍താരം നെയ്മറിന്റെ മോഹങ്ങള്‍ക്ക് വന്‍തിരിച്ചടി. പേശി പരിക്കിനെ തുടര്‍ന്ന് താരത്തെ കൊളംബിയക്കും അര്‍ജന്റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഒഴിവാക്കി.
കരിയറിലുടനീളം താരത്തെ പരിക്ക് വിടാതെ പിന്തുടരുകയാണ്. 2023 ഒക്ടോബറില്‍ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് താരം ടീമിന് പുറത്തായത്. കഴിഞ്ഞ ദിവസം പരിശീലകന്‍ ഡൊറിവാള്‍ ജൂനിയര്‍ പ്രഖ്യാപിച്ച 23 അംഗ ടീമില്‍ നെയ്മറും ഇടംപിടിച്ചിരുന്നു. മാര്‍ച്ച് 21ന് ബ്രസീലിയയില്‍ കൊളംബിയയെ നേരിടുന്ന ബ്രസീല്‍, 25ന് ബ്യൂണസ് ഐറിസില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുമായി ഏറ്റുമുട്ടും.
‘തിരിച്ചുവരവിന്റെ പടിവാതില്‍ക്കലായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ ലോകത്തിന്റെ പ്രിയപ്പട്ടെ ടീമിന്റെ ജഴ്‌സി ധരിക്കാന്‍ ഇനിയും കാത്തിരിക്കണം. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു, തിരിച്ചുവരാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം, പക്ഷേ, നിലവില്‍ റിസ്‌കും എടുക്കേണ്ടെന്നും പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടശേഷം മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു’ നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജനുവരിയില്‍ തന്റെ ബാല്യകാല ക്ലബായ സാന്റോസില്‍ നെയ്മര്‍ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടും വില്ലനായി. മാര്‍ച്ച് രണ്ടിനാണ് അവസാനമായി നെയ്മര്‍ സാന്റോസിനായി കളിച്ചത്.
ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍നിന്ന് സഊദിയിലെ അല്‍ഹിലാല്‍ ക്ലബിലെത്തിയെങ്കിലും പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് അവിടെ കളിക്കാനായത്. പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിച്ചാണ് സാന്റോസിലേക്ക് നെയ്മര്‍ തിരിച്ചുപോയത്. നെയ്മര്‍ പരിക്കേറ്റ് പുറത്തുപോയതിനുശേഷം ദേശീയ ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.
സൂപ്പര്‍താരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. താരത്തിന്റെ അഭാവത്തില്‍ റയല്‍ മഡ്രിഡിന്റെ കൗമാരതാരം എന്‍ഡ്രിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഗോള്‍ കീപ്പര്‍ എഡേഴ്‌സണ് പകരം ലിയോണിന്റെ ലൂക്കാസ് പെറിയെയും ഡിഫന്‍ഡര്‍ ഡാനിലോക്കു പകരം ഫ്‌ലെമിംഗോയുടെ അലക്‌സ് സാന്‍ഡ്രോയും ടീമിലെത്തി.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയുകയാണ് ടീം. നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് 18 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുന്നത്.