ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, ചൊവ്വാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കമ്മീഷന്‍ ചെയ്തു. മിസൈല്‍ വേധ സംവിധാനങ്ങളോടെ 535 അടി നീളവും 57 അടി ബീമും ഉള്ള ഐ.എന്‍.എസ് ചെന്നൈ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലാണ്.

ഐ.എന്‍.എസ് ചെന്നൈയെപ്പറ്റി 5 കാര്യങ്ങള്‍

ins03

1. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2006-ലാണ് ഈ കപ്പലിന്റെ നിര്‍മാണാരംഭം. 2010-ല്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി കപ്പല്‍ ഉദ്ഘാടനം ചെയ്തു. 2016 നവംബര്‍ 21-ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നാവികസേനക്ക് കൈമാറിക്കൊണ്ടുള്ള കമ്മീഷന്‍ നിര്‍വഹിച്ചു.

ins04

2. കൊല്‍ക്കത്ത ക്ലാസ് ഡെസ്‌ട്രോയേഴ്‌സ് എന്ന പരമ്പരയിലെ മൂന്നാമത്തെ കപ്പലാണ് ഐ.എന്‍.എസ് ചെന്നൈ. ഐ.എന്‍.എസ് കൊല്‍ക്കത്ത, ഐ.എന്‍.എസ് കൊച്ചി എന്നിവ നിലവിലുണ്ട്. പ്രൊജക്ട് 15 എ എന്നാണ് ഈ മൂന്നു കപ്പലും അറിയപ്പെടുന്നത്.

ins01

3. മുംബൈ ആസ്ഥാനമായുള്ള മസാഗോണ്‍ ഡോക്ക് ലിമിറ്റഡ് ആണ് ഐ.എന്‍.എസ് ചെന്നൈയുടെ നിര്‍മാതാക്കള്‍. നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ ആണ് ഈ കപ്പലിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.

ins02

4. അത്യാധുനിക ആക്രമണ, സുരക്ഷാ സംവിധാനങ്ങളാണ് ഐ.എന്‍.എസ് ചെന്നൈയിലുള്ളത്. മിസൈല്‍വേധ സംവിധാനം, കരയിലേക്ക് ആക്രമണം നടത്താന്‍ കഴിയുന്ന സൂപ്പര്‍സോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍, ശത്രുവിമാനങ്ങളില്‍ നിന്നും കപ്പല്‍വേധ മിസൈലുകളില്‍ നിന്നുള്ള സുരക്ഷാ സംവിധാനം, റോക്കറ്റ് ലോഞ്ചര്‍ തുടങ്ങിയവ ഐ.എന്‍.എസ് ചെന്നൈയെ കരുത്തുറ്റതാക്കുന്നു.

ins05

5. ഏറെക്കുറെ പൂര്‍ണമായും ഇന്ത്യയില്‍ തന്നെയാണ് ഈ യുദ്ധക്കപ്പല്‍ നിര്‍മിച്ചത്. ഡിസൈന്‍ 100 ശതമാനവും ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കിയപ്പോള്‍ നിര്‍മാണത്തില്‍ 90 ശതമാനമാണ് ഇന്ത്യന്‍ പ്രാതിനിധ്യം. കൊല്‍ക്കത്ത ക്ലാസ് ഡെസ്‌ട്രോയര്‍ ഗണത്തിലെ മൂന്ന് കപ്പലുകള്‍ക്കും കൂടി 3800 കോടി രൂപയാണ് ചെലവ്. ഈ സൗകര്യങ്ങളോടെ ഓസ്‌ട്രേലിയ നിര്‍മിച്ച കപ്പലുകള്‍ക്ക് ഇതിന്റെ ഒമ്പതിരട്ടിയോളം ചിലവ് വന്നിരുന്നു.