ഗസ്സ സിറ്റി: ഗസ്സയിലെ മനുഷ്യാവകാശ പ്രതിസന്ധി ഗൗരവമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്‍, യുഎന്‍ ഏജന്‍സികളിലൂടെ അടിയന്തര സഹായം വിലക്കുകളില്ലാതെ ലഭ്യമാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. സഹായം തടയാനോ വൈകിക്കാനോ ഇസ്രാഈലിന് അധികാരമില്ലെന്നും, അതിനുള്ള ബാധ്യത ഇസ്രാഈലിനാണ് എന്നും കോടതി വ്യക്തമാക്കി.
പട്ടിണിയെ ആയുധമാക്കി മാറ്റുന്ന നിയമവിരുദ്ധ ഹീനകൃത്യങ്ങള്‍ ഗസ്സയില്‍ തുടരുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. യുഎന്‍ ഏജന്‍സികളിലെ സന്നദ്ധപ്രവര്‍ത്തകര്‍ ഹമാസ് പോരാളികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുവെന്ന ഇസ്രാഈലിന്റെ ആരോപണം കോടതി തള്ളി. അതിനായി തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇസ്രാഈല്‍ പരാജയപ്പെട്ടുവെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, വിധി ഹമാസിന് അനുകൂലമാണെന്ന് ആരോപിച്ച് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ട് 12 ദിവസം പിന്നിട്ടിട്ടും, ഗസ്സയിലേക്ക് ആവശ്യമായ സഹായം നല്‍കാന്‍ ഇസ്രാഈല്‍ തയ്യാറായിട്ടില്ല. റഫ അതിര്‍ത്തി വഴി ദിവസേന 600 ട്രക്കുകള്‍ സഹായസാധനങ്ങളുമായി ഗസ്സയിലേക്ക് കടത്തിവിടണമെന്ന് കരാറിലുണ്ടായിരുന്നുവെങ്കിലും, അതും പാലിക്കപ്പെട്ടിട്ടില്ല.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ഇസ്രാഈല്‍ ഉടന്‍ അതിര്‍ത്തി തുറന്ന് പരമാവധി സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനിടെ, വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകളും ഊര്‍ജിതമാകുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരണം ദീര്‍ഘകാല പ്രക്രിയയാണെന്ന് വാന്‍സ് വ്യക്തമാക്കി.
അതേ സമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രാഈലിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന കരടുപ്രമേയം ഇസ്രായേഈല്‍ പാര്‍ലമെന്റ് പാസാക്കി 25 അനുകൂല വോട്ടുകള്‍ക്കും 24 എതിര്‍ വോട്ടുകള്‍ക്കും നടുവില്‍. ഈ നീക്കം പ്രദേശത്ത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജോര്‍ദാന്‍ ഉള്‍പ്പെടെ അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.