ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ലോക്ക്ഡൗണിന് ശേഷം ഇന്ത്യക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗ രീതികളും സേര്‍ച്ചിങ് രീതികളും അടിമുടി മാറിയതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇയര്‍ ഇന്‍ സേര്‍ച്ച് 2020 എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സേര്‍ച്ചുകള്‍ ഈ കാലയളവില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടാക്കിയത്. പ്രാദേശിക വിവരണങ്ങള്‍, പ്രാദേശിക ഭാഷയില്‍ സേര്‍ച്ച് ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ചെറുനഗരങ്ങളില്‍ വര്‍ധിച്ചു.

ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട തിരച്ചില്‍ മെട്രോ നഗരങ്ങളെക്കാള്‍ 1.5 % കൂടുതലായിരുന്നു ചെറുകിട, ഇടത്തരം നഗരങ്ങളിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 90 % ഉപയോക്താക്കളും ഇന്ത്യന്‍ ഭാഷകളിലെ യു ട്യൂബ് വിഡിയോകള്‍ കാണാനാണു താല്‍പര്യപ്പെടുന്നത് എന്ന് ഗൂഗിള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ഭാഷകളിലേക്കു പരിഭാഷപ്പെടുത്താന്‍ 17 ബില്യണ്‍ ( 1700 കോടി) തവണയാണു ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്റെ സഹായം ഉപയോഗിച്ചത്. യു ട്യൂബില്‍ വീഡിയോ കാണുന്നവര്‍ ഇരട്ടിയായി എന്നും പ്രാദേശിക ഭാഷകളിലെ സാന്നിധ്യം വര്‍ധിച്ചെന്നുമാണ് ഗൂഗിള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.