ദുബൈ: യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് പ്രകടനത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ മറികടക്കാനായതോടെ ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത.

വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആറിന് ഒരു ഘട്ടത്തില്‍ പരാജയഭീതിയുണ്ടായിരുന്നു. ആറോവറില്‍ മൂന്നിന് 53 എന്ന നിലയിലേക്ക് വീണ ടീമിനെ പിന്നീട് ഒത്തുച്ചേര്‍ന്ന ശുഭ്മാന്‍ ഗില്‍, ഓയിന്‍ മോര്‍ഗന്‍ സഖ്യമാണ് വിജയത്തിലേക്ക് തെളിച്ചത്. നാലാം വിക്കറ്റില്‍ ഇവര്‍ നേടിയ 92 റണ്‍സ് കൂട്ടുകെട്ട് ടീമിന്റെ വിജയമുറപ്പിച്ചു.

വളരെ സൂക്ഷിച്ച് മാത്രം കളിച്ച ഗില്‍, അനാവശ്യ ഷോട്ടുകള്‍ക്ക് പോവാതെ കൃത്യമായി ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ടുള്ള പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. 62 പന്തിൽ നിന്ന് 70 റൺസെടുത്ത ഗിൽ 5 ഫോറും രണ്ട് സിക്സറുമടിച്ചു. അതേസമയം ഓയിന്‍ മോര്‍ഗന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 29 പന്തിൽ നിന്ന് 42 റൺസെടുത്ത ഓയിൻ മോർഗൻ ഗില്ലിന് മികച്ച പിന്തുണ നൽകി. മൂന്ന് ഫോറും രണ്ട് സിക്സറും അടങ്ങിയതാണ് മോർഗൻെറ ഇന്നിങ്സ്. 18 ഓവറിലാണ് കൊൽക്കത്ത വിജയലക്ഷ്യം മറികടന്നത്.