X
    Categories: Newsworld

ഇറാനെതിരെ ഉപരോധം; യുഎന്‍ രക്ഷാ സമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ അമേരിക്കക്ക് ദയനീയ പരാജയം

ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യു.എന്‍ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു.

2015ല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ ലംഘിച്ച് ഇറാന്‍ ആണവായുധം വികസിപ്പിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിച്ചത്. ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം 2018ല്‍ അമേരിക്ക കരാറില്‍നിന്ന് പിന്‍മാറുകയായിരുന്നു. കരാറിന് മുമ്പുണ്ടായിരുന്ന ആയുധ ഉപരോധ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടണമെന്ന് രക്ഷാസമിതിയില്‍ അമേരിക്കയുടെ ആവശ്യപ്പെട്ടത്.

ജോയന്റ് കോംപ്രഹെന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇറാന്‍ ആണവ കരാറിനൊപ്പമാണ് തങ്ങളെന്നും അമേരിക്കയുടെ നീക്കത്തെ തള്ളിക്കളയുന്നതായും ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 2018 മേയ് എട്ടിന് പിന്‍വാങ്ങിയതോടെ അമേരിക്ക കരാറിന്റെ ഭാഗമല്ലാതായി മാറിയതായും മൂന്നു രാജ്യങ്ങളും വ്യക്തമാക്കി. അമേരിക്കയുടെ നിലപാട് അംഗീകരിക്കില്ലെന്ന് ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു.

തങ്ങള്‍ക്ക് തോന്നുന്നതുപോലെ കരാറുകള്‍ ഉപേക്ഷിക്കുകയും അതിന്റെ നേട്ടങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും അന്താരാഷ്ട്ര നിയമങ്ങളും നയതന്ത്ര മര്യാദകളും പാലിക്കുന്ന മറ്റൊരു ലോകവുമാണ് ഇപ്പോഴുള്ളതെന്ന് യു.എന്നിലെ റഷ്യന്‍ ഡെപ്യൂട്ടി അംബാസഡര്‍ ദിമിത്രി പോളിന്‍സ്‌കി പറഞ്ഞു.

 

web desk 1: