News

റമദാനില്‍ ഗസ്സയിലേക്കുള്ള സഹായ ട്രക്കുകള്‍ തടഞ്ഞ് ഇസ്രാഈല്‍; വ്യാപക പ്രതിഷേധം

By webdesk17

March 03, 2025

ഗസ്സയിലേക്ക് റമദാനിനോടനുബന്ധിച്ച് എത്തുന്ന സഹായ ട്രക്കുകള്‍ തടഞ്ഞ ഇസ്രാഈല്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം നീട്ടുന്നതിന് ഹമാസ് സമ്മതിച്ചില്ലെന്ന് ആരോപിച്ച് ഗസ്സയിലേക്കുള്ള സഹായം തടയാന്‍ ഇസ്രാഈല്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം രണ്ടാംഘട്ട കരാര്‍ അട്ടിമറിക്കുന്നതിലൂടെ ബന്ദികളുടെ ജീവന്‍ കൂടി ഇസ്രാഈല്‍ പ്രധാനമന്ത്രി അപകടത്തിലാക്കുകയാണെന്ന് ഹമാസ് പറഞ്ഞു. ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടഞ്ഞ നടപടി അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ഈജിപ്ത് വ്യക്തമാക്കി. പട്ടിണി ആയുധമാക്കാനുള്ള നീക്കത്തില്‍നിന്ന് ഇസ്രാഈല്‍ പിന്തിരിയണമെന്നും ഈജിപ്ത് കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ അറബ് രാജ്യങ്ങളും ഇസ്രാഈല്‍ നടപടിക്കെതിരെ രംഗത്തെത്തി. ഗസ്സക്കുള്ള സഹായം തടയുന്നത് നീതീകരിക്കാനാവാത്ത പാതകമാണെന്ന് അറബ് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി. ഗസ്സക്കുള്ള സഹായം തടഞ്ഞ നടപടി മനുഷ്യാവകാശ ലംഘനമെന്ന് യു.എന്‍ കുറ്റപ്പെടുത്തി.

റഫയില്‍ ഇസ്രാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ജനുവരി 19നാണ് ഒന്നാംഘട്ടം ആരംഭിച്ചത്. മാര്‍ച്ച് ഒന്നിന് ഇത് അവസാനിച്ചു. രണ്ടാംഘട്ടത്തിനായുള്ള ചര്‍ച്ചകള്‍ക്ക് ഇസ്രാഈല്‍ ഇതുവരെ തയ്യാറായിട്ടില്ല.