പിറന്നാള്‍ ദിനത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു. പതിനാല് വയസുള്ള അലി അബു ആലിയ എന്ന ഫലസ്തീനി ബാലനാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജന്മദിന പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കെയാണ് ഇസ്രയേല്‍ സൈന്യം അലിയെ വെടിവച്ചു കൊന്നത്. ഇസ്രായേലിന്റെ ഫലസ്തീന്‍ മണ്ണിലെ അനധികൃത കുടിയേറ്റത്തിനെതിരെ നിരന്തരമായി നടക്കുന്ന പ്രതിഷേധത്തിനിടെയാണ് അലിക്ക് വെടിയേല്‍ക്കുന്നത്.

അലിയുടെ അടിവയറിനാണ് വെടിയേറ്റതെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ഫലസ്തീന്‍ അറിയിച്ചു. ഉടന്‍ തന്നെ റാമല്ലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ അധിനിവേശ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്ന് ഫലസ്തീന് വേണ്ടിയുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയാണ് ആവശ്യപ്പെട്ടത്.

വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ റമല്ലക്കടുത്തുള്ള അല്‍ മുഖയ്യിര്‍ പ്രദേശത്ത് പ്രതിഷേധത്തിലേര്‍പ്പെട്ട 14കാരനായ അലി അബു അലിയയെ ഇസ്രായേല്‍ സേന നിഷ്‌കരുണം വെടിവെച്ചു കൊന്നത്.

അതേസമയം, തങ്ങള്‍ വെടിയുതിര്‍ത്തില്ലെന്ന് സയണിസ്റ്റ് സൈന്യത്തിന്റെ അവകാശവാദം. വയറിന് വെടിയേറ്റ് ഗുരുതര പരിക്കേറ്റ അലിയയെ ഉടന്‍ ഫലസ്തീന്‍ നഗരമായ റാമല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.