ദമസ്‌കസ്: അധിനിവിഷ്ട ജൂലാന്‍ കുന്നിന് മുകളില്‍ വ്യോമാതിര്‍ത്തി ലംഘിച്ച സിറിയന്‍ പോര്‍വിമാനം വെടിവെച്ചിട്ടതായി ഇസ്രാഈല്‍ സേന. ഇസ്രാഈല്‍ അതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് കടന്ന സുമേഖായ് ജെറ്റ് പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് സൈന്യം പറയുന്നു. പോര്‍വിമാനത്തിന്റെ പൈലറ്റിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. എന്നാല്‍ സിറിയന്‍ വ്യോമാതിര്‍ത്തിയില്‍ നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് വിമാനത്തിനുനേരെ ആക്രമണമുണ്ടായതെന്ന് സിറിയന്‍ സ്‌റ്റേറ്റ് മീഡിയ പറഞ്ഞു. പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ഭരണകൂടത്തിനെതിരെ സായുധപോരാട്ടം നടത്തുന്ന വിമതരെ സഹായിക്കാനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നതെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി ആരോപിച്ചു.

പോര്‍വിമാനം വെടിവെച്ചിട്ടതായി ഇസ്രാഈല്‍ സൈനിക വക്താവ് ജൊനാഥന്‍ കോണ്‍റിക്കസ് സ്ഥിരീകരിച്ചെങ്കിലും വിമാനം എവിടെയാണ് വീണതെന്ന് വ്യക്തമാക്കിയില്ല. ഇസ്രാഈലിന്റെ അതിര്‍ത്തിക്ക് സമീപം വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സിറിയന്‍ ഭരണകൂടം സൈനിക നടപടി തുടരുകയാണ്. അതിര്‍ത്തിക്കും സൈനികര്‍ക്കുമിടയില്‍ കുടുങ്ങിയിരിക്കുകയാണ് വിമതരിപ്പോള്‍. അതിര്‍ത്തി കടക്കാനുള്ള വിമതരുടെയും കുടുംബങ്ങളുടെയും നീക്കം ഇസ്രാഈല്‍ തടഞ്ഞിട്ടുണ്ട്.