Connect with us

News

അധിനിവേശ പലസ്തീനിലെ പ്രദേശങ്ങള്‍ ഏറ്റെടുക്കാനുള്ള ഇസ്രയേല്‍ നടപടിയെ അപലപിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

Published

on

ലണ്ടന്‍: അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ ആയിരക്കണക്കിന് വാസസ്ഥലങ്ങള്‍ ഏറ്റെടുക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ അപലപിച്ചു. പ്രദേശത്തെ നടത്തുന്ന സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇസ്രയേലിന്റെ തീരുമാനമെന്ന് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.

ഇസ്രയേലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതാണ്. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ ഒത്തുതീര്‍പ്പിലേക്കെത്താമെന്ന ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയെ കൂടുതല്‍ തടസ്സപ്പെടുത്തുന്നതാണ് ഇസ്രയേലിന്റെ തീരുമാനമെന്ന് ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇസ്രയേലും യുഎഇയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രകരാര്‍ പലസ്തീനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗുണമാകുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഇത്തരം നടപടി ഇസ്രയേല്‍ നടത്തുന്നത് ഫലപ്രദമല്ലെന്നും യുറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കി.

columns

അട്ടിപ്പേറിന്റെ അവകാശികള്‍

Published

on

ഉബൈദ് കോട്ടുമല

പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമന്‍സുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒരാള്‍ ഒന്നിലധികം സമന്‍സുകളാണ് കൈപറ്റുന്നത്. കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഇനിയുമുണ്ടാകുമെന്ന് തോന്നുന്നില്ല. കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത പതിനായിരങ്ങളുടെ പേരില്‍ സ്വമേധയാ കേസെടുത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. തിരൂരങ്ങാടിയില്‍ വഖഫ് സംരക്ഷണ റാലിയില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. അതും സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു. എന്നാല്‍ ശശികലയുടെ വര്‍ഗീയ പ്രസംഗത്തിനെതിരെ ജില്ലാ മുസ്‌ലിം യൂത്ത് ലീഗും ലോയേഴ്‌സ് ഫോറവും പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയാറായിട്ടില്ല. കേരളത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ ശശികലയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ ഇതിന് മുമ്പും കേരളം കേട്ടിട്ടുണ്ട്. പക്ഷെ, ഒരു പെറ്റി കേസ് പോലും ചാര്‍ജ്ജ് ചെയ്യാന്‍ കേരള പൊലീസ് മുന്നോട്ട് വന്നിട്ടില്ല. ആലപ്പുഴയില്‍ വല്‍സന്‍ തില്ലങ്കേരിക്ക് യഥേഷ്ടം വര്‍ഗീയത പ്രസംഗിക്കുന്നതിന് കേരളത്തില്‍ തടസങ്ങളൊന്നുമില്ല. കേസെടുക്കാന്‍ പൊലീസുമില്ല. ‘അഞ്ച് വഖ്ത് നമസ്‌കരിക്കാന്‍ പള്ളി നിങ്ങള്‍ കാണൂല, ബാങ്ക് നിങ്ങള്‍ കേള്‍ക്കൂല’, എന്ന മുദ്രവാക്യം വിളിച്ച് തലശ്ശേരി ടൗണിലൂടെ പ്രകടനം നടത്തിയ ആര്‍.എസ്.എസുകാരെ ജയിലിലടക്കാന്‍ കേരള പൊലീസിന് ഇതുവരെ സാധിച്ചിട്ടുമില്ല. പി.സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കേസെടുത്തെങ്കിലും ജാമ്യത്തിനായി പ്രോസിക്യൂഷന്‍ മനപൂര്‍വം ഹാജരാകാതെ സഹായിക്കുകയായിരുന്നു. ആരെയാണ് ഈ സര്‍ക്കാര്‍ ഭയക്കുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാവുകയാണ്.

കേരള പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനമുണ്ടെന്ന് വെളിപ്പെടുത്തിയത് കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെയാണ്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ എല്‍.ഡി.എഫും, എല്‍.ഡി.എഫ് ഭരണ കാലത്ത് യു.ഡി.എഫും പരസ്പരം ഉന്നയിക്കാത്ത ഗുരുതരമായ ആരോപണമാണ് സ്വന്തം ആഭ്യന്തര വകുപ്പിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി ഉയര്‍ത്തിയിട്ടുള്ളത്. സി.പി.എമ്മും ഇടതുപക്ഷവും ഈ പ്രസ്താവനയെ ഇന്നേവരെ തള്ളിപ്പറഞ്ഞിട്ടുമില്ല. സി.പി.ഐ നേതാവ് ആനിരാജ ഇതേ അഭിപ്രായം നേരത്തെ പ്രകടിപ്പിച്ചിട്ടുമുണ്ട്. 2016 മുതല്‍ കേരള പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനം ഉറപ്പിച്ചു എന്ന് തന്നെയാണ് ഈ പ്രസ്താവനകളൊക്കെ തുറന്ന് സമ്മതിക്കുന്നത്. കേരള പോലീസിനെ നിയന്ത്രിക്കുന്നത് ഇടതുപക്ഷമോ അതോ സംഘ്പരിവാറോ എന്ന പൊതുജനത്തിന്റെ സംശയം ദൂരീകരിക്കുന്നതിന് ഈ പ്രസ്താവന ഏറെ സഹായിച്ചിട്ടുമുണ്ട്. മുവായിരം ആര്‍.എസ്.എസുകാര്‍ക്ക് കേരളത്തില്‍ പരിശീലനം നല്‍കി എന്ന് മാത്രമല്ല, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആര്‍.എസ്.എസിന് നൂറിലധികം പുതിയ ശാഖകളാണ് സംസ്ഥാനത്ത് രൂപം കൊണ്ടിട്ടുള്ളത്. വിദ്യാലയങ്ങള്‍ തോറും ആര്‍.എസ്.എസിന്റെ രഹസ്യ പരിശീലനങ്ങള്‍ സജീവമാകുന്നതായും വാര്‍ത്തകളുണ്ട്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ചോര്‍ച്ചയും തുടര്‍ ഭരണത്തിനായി ആര്‍.എസ്.എസ് ഉയര്‍ത്തിയ മുറവിളികളും എല്ലാം കൂട്ടി വായിച്ചാല്‍ ആരുടെ അട്ടിപ്പേറാണ് സി.പി.എമ്മിന് അവകാശപ്പെടാനാവുക എന്ന് അനുമാനിക്കാവുന്നതേയുള്ളൂ.

പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍, എന്നിവര്‍ക്കെതിരെ ബി.ജെ.പി പ്രയോഗിക്കുന്ന യു. എ.പി.എയുടെ പ്രചാരകരായി കേരളം മാറിയിരിക്കുകയാണ്. ആറ് വര്‍ഷത്തിനിടയില്‍ 150 ലധികം യു.എ.പി.എ കേസുകളാണ് കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചാണ് യു.എ.പി.എ ചുമത്തി ഇടതുപക്ഷം അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ സി.പി.ഐ ജില്ലാ സമ്മേളന പോസ്റ്ററുകളില്‍ അലന്റെയും താഹയുടെയും പടങ്ങള്‍ ഇടംപിടിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ നിശബ്ദരായ സി.പി.ഐക്ക് ഇത്തരം പ്രതിഷേധ രീതികളില്‍ അഭയം തേടാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ‘മുണ്ടുടുത്ത മോദി’യെന്ന വിശേഷണം മുഖ്യമന്ത്രിക്ക് നല്‍കാന്‍ കാനം രാജേന്ദ്രന് ഒരു കാലത്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. മാവോയിസ്റ്റ് നേതാവ് രൂപേഷിനുമേല്‍ ചുമത്തിയ യു.എ.പി.എ കേസ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ സര്‍ക്കാരാണ് കേരളത്തിലുള്ളത്. പ്രതിഷേധം കാരണം സുപ്രീം കോടതിയില്‍ പിന്‍വലിക്കല്‍ ഹരജി നല്‍കിയിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. രാജ്യത്താകമാനം 24134 യു.എ.പി.എ കേസുകളില്‍ 212 പേര്‍ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ബാക്കിയെല്ലാം അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടവരാണ്. സിദ്ധീഖ് കാപ്പനും അലനും താഹയും രൂപേഷുമെല്ലാം ഇതിന്റെ ഇരകളാണ്. കാപ്പന്റെ വിഷയത്തില്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ലെന്നാണ് കാപ്പന്റെ ഭാര്യക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി എന്നതും ശ്രദ്ധേയമാണ്.

ബുള്ളി ഭായി, സുള്ളി ഡീല്‍ ആപ്പുകളില്‍ പൗരത്വ പ്രക്ഷോഭസമര നായികമാരെ വില്‍പ്പന ചരക്കാക്കിയതിനെതിരെ കണ്ണൂര്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ കേസെടുത്തില്ലെന്ന് മാത്രമല്ല, കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് നടപടിയെ വിമര്‍ശിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്ത ചെറുപ്പക്കാരനെ റിമാന്റ് ചെയ്യാനാണ് കേരള പൊലീസ് തിടുക്കം കാണിച്ചത്. അതേ സമയം മുംബൈ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലവ് ജിഹാദിന്റെ പ്രചാരകരായി ജോര്‍ജ് തോമസ് അടക്കമുള്ള സി.പി.എം നേതാക്കള്‍ ഇടക്കിടെ രംഗത്ത് വരുന്നതും ന്യൂനപക്ഷ വേട്ടയുടെ ഭാഗം തന്നെയാണ്. വിഴിഞ്ഞത്ത് തീവ്രവാദികളില്ലെന്നും ആവിക്കലിലുണ്ടെന്നുമുള്ള ഗോവിന്ദന്‍ മാസ്റ്ററുടെ കണ്ടുപിടുത്തം വിജയരാഘവന്റെ നിലപാടുകളുടെ തുടര്‍ച്ചയാണെന്നതില്‍ സംശയമില്ല. നാഷണല്‍ ഹൈവെ-ഗെയില്‍-കെറെയില്‍ എന്നിവയെല്ലാം തീവ്രവാദ സമരങ്ങളുടെപട്ടികയിലാണ് സി.പി.എം ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ കണ്ണൂരില്‍ ഫര്‍സീന്‍ മജീദിനെതിരെ പൊലീസ് കാപ്പയും ചുമത്തി. എന്നിട്ടും ഭരണത്തിന്റെ പോരിശ പറയുകയാണ് ഇടതുപക്ഷം. ഭരണഘടനയെ ‘കുന്തവും കൊടച്ചക്രവു’മായി ചിത്രീകരിച്ച മുന്‍മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ആര്‍.എസ്.എസ് പുതിയ ഭരണഘടനയുമായി രംഗത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നെഹ്‌റുട്രോഫി വള്ളംകളി ഉദ്ഘാടനത്തിന് അമിത്ഷായെ തന്നെ ക്ഷണിക്കാന്‍ ഇടതുസര്‍ക്കാരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്നത് ബി.ജെ.പിയും സി.പി.എമ്മും മാത്രമാണ്. രാഷ്ട്രീയത്തിന് പകരം ടീ ഷര്‍ട്ടും കണ്ടെയ്‌നറുമാണ് അവരുടെ വിഷയം. കന്യാകുമാരിയില്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സ്റ്റാലിന്‍ പറഞ്ഞത് മതേതര ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍ എന്നാണ്. രാഹുലിനെ സ്വീകരിക്കാന്‍ കേരള അതിര്‍ത്തിയില്‍ മുഖ്യമന്ത്രി ഉണ്ടാകേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത് ഭരണകൂട വേട്ടയുടെ ഇരയായ കഥാകൃത്തും സംവിധായകനുമായ അടൂര്‍ ഗോപാല കൃഷ്ണന്‍ തന്നെയാണ്.

നിതീഷും ലാലുവും സോണിയയെ കാണാനിരിക്കുകയാണ്. മതേതര സഖ്യത്തെ കോണ്‍ഗ്രസ് നയിക്കണമെന്ന് ശരത് പവാര്‍ നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍, ഓം പ്രകാശ് ചൗതാല, ചന്ദ്രശേഖര റാവു എന്നിവരുമായെല്ലാം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഏകോപനത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആരും കോണ്‍ഗ്രസിനെ അവഗണിക്കുന്നില്ല. സി.പി.എമ്മില്‍ നിന്ന് മാത്രമാണ് എതിര്‍ ശബ്ദമുയരുന്നത്. അവര്‍ക്കാകട്ടെ കേരളത്തിന് പുറത്ത് ഒന്നും ചെയ്യാനുമില്ല. ബി.ജെ.പിക്കെതിരെ വീറോടെ നിലകൊണ്ട നേതാവായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഇ.ഡി അന്വേഷണം വന്നതോടെ അവര്‍ മൗനിയാവുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ 55 മണിക്കൂറിലധികം തന്നെയും രോഗിയായ തന്റെ മാതാവിനെ മൂന്ന് ദിവസവും ഇ.ഡി തുടര്‍ച്ചയായി ചോദ്യം ചെയ്ത് പീഡിപ്പിച്ചിട്ടും ഭാരതത്തിന്റെ തെരുവിലൂടെ ബി.ജെപി-ആര്‍.എസ്.എസ് അജണ്ടകള്‍ക്കെതിരെ നിര്‍ഭയം മുന്നേറുന്ന രാഹുല്‍ ഗാന്ധിയാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷ. എത്ര നേതാക്കള്‍ പാര്‍ട്ടി വിട്ടാലും ബി.ജെപിക്കെതിരെ ഒറ്റയാള്‍ പട്ടാളമായി താനുണ്ടാകുമെന്ന രാഹുലിന്റെ പ്രഖ്യാപനം ഭാരതത്തിന്റെ വീണ്ടെടുപ്പിനുള്ള മുറവിളിയാണ്. ആ പ്രതീക്ഷക്ക് തുരങ്കമാകാന്‍ സി.പി.എം ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്.

Continue Reading

india

അധ്യാപകനുനേരെ വെടിയുതിര്‍ത്ത് 10ാം ക്ലാസുകാരന്‍

ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ 10ാം ക്ലാസുകാരന്‍ അധ്യാപകനു നേരെ വെടിയുതിര്‍ത്തു.

Published

on

ലക്‌നോ; ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ 10ാം ക്ലാസുകാരന്‍ അധ്യാപകനു നേരെ വെടിയുതിര്‍ത്തു. നടു റോഡിലിട്ട് ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം. മൂന്നു തവണയാണ് വെടിയുതിര്‍ത്തത്. കണ്ടു നിന്നവര്‍ വിദ്യാര്‍ത്ഥിയെ പിടികൂടി തടഞ്ഞുവെക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തയായും പ്രതിക്കു വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ആദ്യം സീതാപൂരിലേയും പിന്നീട് ലക്‌നോവിലേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ അധ്യാപകന്‍ പക്ഷം ചേര്‍ന്നതില്‍ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

 

Continue Reading

News

ഓസീസിനെതിരെ രണ്ടാം ടി-20 ഇന്ന്

മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരം ഓസീസ് സ്വന്തമാക്കിയതിനാല്‍ സമ്മര്‍ദ്ദം മുഴുവന്‍ ആതിഥേയര്‍ക്കാണ്.

Published

on

നാഗ്പ്പൂര്‍: ഡെത്തിലെ തലവേദനയുമായി രോഹിത് ശര്‍മയുടെ ഇന്ത്യന്‍ സംഘമിന്ന് ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിക്കെതിരെ. മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരം ഓസീസ് സ്വന്തമാക്കിയതിനാല്‍ സമ്മര്‍ദ്ദം മുഴുവന്‍ ആതിഥേയര്‍ക്കാണ്. ഇന്നും അരോണ്‍ ഫിഞ്ചിന്റെ സംഘം ജയിച്ചാല്‍ പരമ്പര അവര്‍ കൊണ്ട് പോവും. ടി-20 ലോകകപ്പ് തൊട്ടരികില്‍ നില്‍ക്കവെ ഇന്ത്യക്കത് കനത്ത ആഘാതവുമാവും.

പ്രശ്‌നങ്ങളുടെ നടുക്കടലിലാണ് ഇന്ത്യന്‍ സംഘം. ലോകകപ്പിന് മുമ്പ് സമ്പൂര്‍ണ കരുത്തുള്ള ടീം എന്നതായിരുന്നു കോച്ച് രാഹുല്‍ ദ്രാവിഡ്, നായകന്‍ രോഹിത് ശര്‍മ എന്നിവരുടെ ആഗ്രഹം. പക്ഷേ നിലവില്‍ ഡെത്ത് ബൗളിംഗ് ഇന്ത്യക്ക് വലിയ തലവേദനയായി മാറുന്നു. ഇന്ത്യ കളിച്ച അവസാന മൂന്ന് മല്‍സരങ്ങളില്‍ ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് അവസാന ഓവര്‍ ബൗളിംഗാണ്. ജസ്പ്രീത് ബുംറ എന്ന സീനിയര്‍ സീമര്‍ പരുക്കില്‍ നിന്നും പൂര്‍ണ മുക്തനാവാതെ പുറത്തിരിക്കവെ ബൗളിംഗ് നായകത്വം വഹിക്കുന്ന ഭുവനേശ്വര്‍ കുമാര്‍ ദുരന്തമായി മാറുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ടയാളാണ് ഭുവനേശ്വര്‍. പക്ഷേ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മല്‍സരങ്ങളിലും മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരെയും അദ്ദേഹം ദയനീയ പരാജയമായി മാറി. ബുംറ ഇന്ന് ഇറങ്ങുമോ എന്നത് വ്യക്തമല്ല. മൊഹാലിയില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. ലോകകപ്പ് മുന്‍നിര്‍ത്തി ബുംറയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുഹമ്മദ് ഷമി കോവിഡ് ബാധിതനായി പുറത്തായതും ടീമിനെ സാരമായി തന്നെ ബാധിക്കുന്നു.
പകരക്കാരനായി വന്ന ഉമേഷ് യാദവ് മൊഹാലിയില്‍ രണ്ടോവറില്‍ 27 റണ്‍സാണ് വഴങ്ങിയത്. നാഗ്പ്പൂരിലെ ട്രാക്ക് സ്പിന്നിനെ തുണക്കുമെന്നാണ് കരുതപ്പെടുന്നത്. മൊഹാലിയില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെയാണ് ഇറക്കിയിരുന്നത്.

അക്‌സര്‍ പട്ടേലിനൊപ്പം യൂസവേന്ദ്ര ചാഹലും കളത്തിലുണ്ടായിരുന്നു. സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് അവസരം നല്‍കാത്തത് ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹം ഇന്ന് കളിക്കുമോ എന്നതും വ്യക്തമല്ല. ഓസീസ് ടീമില്‍ കാര്യമായ മാറ്റങ്ങളില്ലെന്ന് നായകന്‍ ഫിഞ്ച് വ്യക്തമാക്കി. ആദ്യ മല്‍സരത്തിലെ പ്രകടനത്തില്‍ നായകന്‍ സംതൃപ്തനാണ്. ബൗളര്‍മാര്‍ കുറച്ച് കൂടി കാര്‍ക്കശ്യം പാലിക്കുന്ന പക്ഷം ഇന്ത്യന്‍ ബാറ്റര്‍മാരെ നിയന്ത്രിക്കാമെന്നും അദ്ദേഹം കരുതുന്നു.

Continue Reading

Trending