kerala

ഡല്‍ഹിയിലേത് ചാവേര്‍ സ്‌ഫോടനമല്ലെന്ന് സൂചന, നടന്നത് ആസൂത്രിത ആക്രമണം അല്ലെന്ന് നിഗമനം

By webdesk18

November 11, 2025

ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനം ചാവേര്‍ സ്‌ഫോടനമല്ലെന്ന് സൂചന. നടന്നത് ആസൂത്രിത ആക്രമണം അല്ലെന്ന് അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സ്‌ഫോടക വസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാവാന്‍ സാധ്യത കൂടുതലാണ്. കാര്‍ ബോംബ് സ്‌ഫോടനത്തിലേത് പോലെയുള്ള നാശം ഇവിടെ സംഭവിച്ചിട്ടില്ല. ലക്ഷ്യത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലെ വൈകിട്ട് 6.52നായിരുന്നു ഡല്‍ഹിയില്‍ രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്‌ഫോടനമുണ്ടായത്. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്‌റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡില്‍ ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചു. കാറില്‍ മൂന്നുപേരുണ്ടായിരുന്നെന്നാണ് സൂചന.