ന്യൂഡല്‍ഹി: പ്രാദേശിക പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിന് ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചതോടെ ഹിന്ദി ബെല്‍റ്റില്‍ ബി.ജെ.പിയുടെ അടിത്തറയിളകുന്നു. മായാവതി, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി, ലാലു പ്രസാദ് യാദവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ വിശാലപ്രതിപക്ഷ ഐക്യനിരക്കാണ് കളമൊരുങ്ങുന്നത്. ബി.ജെ.പി ഇനിയൊരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ നിലനില്‍പ് അപകടത്തിലാവുമെന്ന തിരിച്ചറിവാണ് സഖ്യമൊരുക്കാന്‍ പ്രാദേശിക പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്.

യു.പി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പി സഖ്യം നേടിയ വിജയം പ്രതിപക്ഷ ഐക്യത്തിന് ആവേശം പകരുന്നതാണ്. തുടര്‍ന്ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി അംഗം ക്രോസ് വോട്ട് ചെയ്തത് ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ക്രോസ് വോട്ട് ചെയ്ത അംഗത്തെ പുറത്താക്കിയ മായാവതി ബി.എസ്.പി-എസ്.പി സഖ്യം തകര്‍ക്കാമെന്ന അമിത് ഷായുടെ മോഹം നടക്കില്ലെന്ന് വ്യക്തമാക്കി.

മതേതര പാര്‍ട്ടികളുടെ സഖ്യം വേണമെന്ന് പറയുമ്പോഴും മായാവതി വിശാല സഖ്യത്തെക്കുറിച്ച് മനസ് തുറന്നിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലാലു പ്രസാദ് യാദവ് പട്‌നയില്‍ നടത്തിയ പ്രതിപക്ഷ മഹാറാലിയില്‍ മായാവതി പങ്കെടുത്തിരുന്നില്ല. എന്നാല്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ വിശാലസഖ്യത്തെ പിന്തുണക്കാമെന്ന നിലപാടിലാണ് മായാവതി.

മായാവതിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് മമതാ ബാനര്‍ജിയും ആര്‍.ജെ.ഡി നേതാവ് മനോജ് കെ ഝായും രംഗത്തെത്തി. അതേസമയം പ്രതിപക്ഷ ഐക്യത്തിന് പിന്നില്‍ ബി.ജെ.പി നേതൃത്വത്തിന്റെ തന്ത്രങ്ങള്‍ പാളുകയാണ്. യോഗി ആദിത്യനാഥിനെതിരെ ബി.ജെ.പിയുടെ അകത്തും പടയൊരുക്കം നടക്കുന്നുണ്ട്. ആദിത്യനാഥ് ഉയര്‍ന്നു വരുന്നത് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കരുതുന്ന ബി.ജെ.പിയിലെ രണ്ടാംനിര നേതാക്കളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.