തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കളെ പൊലീസ് തല്ലിച്ചതച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിക്കും ജനറല്‍ സെക്രട്ടറി സി.കെ സുബൈറിനും അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസിനും ഗുരുതരമായി പരിക്കേറ്റു. സാദിഖലിയുടെ കഴുത്തിനും കാലിനുമാണ് പരിക്ക്. ലാത്തിയടിയേറ്റ് പി.കെ ഫിറോസിന്റെ കൈക്ക് പൊട്ടല്‍ സംഭവിച്ചു.

സി.കെ സുബൈറിനെ പൊലീസ് ചവിട്ടി പരിക്കേല്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. നേതാക്കളെ തിരുവനന്തപുരം ജനല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സാദിഖലിക്ക് ഡോക്ര്‍മാര്‍ ഓര്‍ത്തോ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ 11.45 ഓടെയാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. സമാധാനപരമായി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ നേരിടാന്‍ വന്‍ പൊലീസ് സേനയെയാണ് നിയോഗിച്ചിരുന്നത്.

ഡീന്‍ കുര്യാക്കോസും സാദിഖലിയും പ്രസംഗിച്ച ശേഷം മറ്റ് സംഘടനകളുടെ നേതാക്കളും ചുരുക്കം വാക്കുകളില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകാന്‍ തയാറെടുക്കുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ലാത്തി വീശിയത്. റോഡില്‍ നിന്ന പ്രവര്‍ത്തകരെ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു നേതാക്കളെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചത്.സാധാരണഗതിയില്‍ സമരക്കാര്‍ അക്രമാസക്തരായാല്‍ ജലപീരങ്കിയും കണ്ണീര്‍വാതകവും മറ്റും ഉപയോഗിച്ച ശേഷം അവസാനഘട്ടത്തിലാണ് ലാത്തിചാര്‍ജ് നടത്തുക. എന്നാല്‍ ഇതിന് വിരുദ്ധമായി മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പോലെയാണ് പൊലീസ് പെരുമാറിയത്.

ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യൂത്ത്‌ലീഗ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിടത്തി ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇവരെ അഡ്മിറ്റ് ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, കെ.എം ഷാജി, അഡ്വ.എന്‍. ഷംസുദ്ദീന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.