ജലന്ധര്‍: പതിനൊന്നുകാരിയുടെ മൃതദേഹം ചുമലിലേറ്റി സംസ്‌കാരത്തിന് കൊണ്ടുപോകുന്ന അച്ഛന്റെ ദയനീയ ചിത്രം പുറത്ത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ജലന്ധറിലെ രാംനഗറില്‍ താമസിക്കുന്ന പിതാവ് ദിലിപാണ് മറ്റാരും സഹായിക്കാനില്ലാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹം ചുമലിലേറ്റി നടന്നത്.

വെള്ളിയാഴ്ചയാണ് സംഭവം. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി കോവിഡ് ബാധിച്ച് മരിച്ചതല്ലെന്ന് കണ്ടെത്തി.
ദിലീപ് ഒഡീഷക്കാരനാണെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി ജലന്ധറിലാണ് താമസിക്കുന്നത്. ഇയാള്‍ക്ക് മൂന്ന് മക്കളുണ്ട്. മകള്‍ സോനുവിനെ പനിയായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. മെയ് 9നാണ് പെണ്‍കുട്ടി മരിച്ചത്. ആ രാത്രിതന്നെ ആശുപത്രി ആംബുലന്‍സിന് 2500 രൂപ നല്‍കി മൃതദേഹം വീട്ടിലെത്തിച്ചു. പിന്നീട് സംസ്‌കാരത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തി.

സംസ്‌കാരത്തിനായി അടുത്തുള്ള ആളുകളെ സമീപിച്ചെങ്കിലും കോവിഡ് വരുമെന്ന ഭീതിയില്‍ ആരും സമീപിച്ചില്ല. മക്കള്‍ക്ക് വൈറസ് ബാധ വരുമെന്ന് ഭയന്നതിനാല്‍ മകളുടെ മൃതദേഹം സ്വന്തം ചുമലില്‍ ഏറ്റുകയായിരുന്നു. അച്ഛന് പിറകെ പോകുന്ന മകനെയും വീഡിയോയില്‍ കാണാം.