കുന്ദമംഗലം: ജമാഅത്തെഇസ്ലാമി മുന്‍ നേതാവും വ്യാപാര പ്രമുഖനും സാമുഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായിരുന്ന ഭൂപതി എന്‍ അബൂബക്കര്‍ ഹാജി(94) നിര്യാതനായി. നെടുങ്കണ്ടത്തില്‍ കോയപ്പെരി,കുഞ്ഞാമിന ദമ്പതികളുടെ മകനായി 1924 ല്‍, പുരാതന ശൈഖ് കുടുംബത്തിലെ അംഗമായി കുന്ദമംഗലത്ത് ജനിച്ചു.

ഇന്റര്‍മീഡിയറ്റ് പൂര്‍ത്തികരിച്ചതോടൊപ്പം കുന്ദമംഗലത്തെ ഓത്തുപളളി, കാരന്തൂര്‍ പള്ളിദര്‍സ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസവും നേടി. കുന്ദമംഗലം മാപ്പിള എല്‍.പി സ്‌കൂള്‍, ജെ.ഡി.റ്റി ഇസ്ലാം എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു. പിന്നീട് പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന്, ജ്യേഷ്ട സഹോദരങ്ങള്‍ക്കൊപ്പം വ്യാപാര രംഗത്ത് സജീവമായി. കുന്ദമംഗലം വയനാട് ഉള്‍പ്പെടെ കേരളത്തിന്റെ പല ഭാഗത്തും ഭൂപതി സോപ്പ് കമ്പനി, ഭൂപതി ബീഡി, ആരതി ബ്ലു ഏജന്‍സി, സ്‌റ്റേഷനറിയുടെ മൊത്തവ്യാപാരം തുടങ്ങിയ ബിസിനസ് സംരംഭങ്ങള്‍ക്ക് സഹോദരങ്ങളോടൊപ്പം നേതൃത്വം നല്‍കി.

പ്രമുഖ പണ്ഡിതന്‍ അബു സലാഹ് മൗലവിയുടെ ക്ലാസുകളിലൂടെ പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടനായ അബൂബകര്‍ ഹാജി പ്രബോധനം വാരികയുടെ വായനയിലൂടെ ജമാഅത്തെ ഇസ്ലാമിയുമായി അടുത്തു. ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ സ്ഥാപകന്‍ വി.പി മുഹമ്മദലി ഹാജിയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. 1947 മുതല്‍ കുന്ദമംഗലത്ത് ജമാഅത്ത് ഘടകം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു.

കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും വയനാട്ടിലും ജമാഅത്തെ ഇസ്ലാമി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ബത്തേരിയിലെ ശുബ്ബാനുല്‍ മുസ്ലിമുന്റ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. സംഘാടകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ജമാഅത്തെ ഇസ്ലാമിയുടെ വേദികളില്‍ നിറഞ്ഞു നിന്നു. സംഘടനയുടെ കേന്ദ്ര പ്രതിനിധി സഭ അംഗം,സംസ്ഥാന കൂടിയാലോചനാ സമിതി അംഗം(ശൂറ), വയനാട് ജില്ലാ ജമാഅത്തെ ഇസ്ലാമി പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രാദേശിക ഘടകം അമീര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

വയനാട് മുന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ,കുന്ദമംഗലം വ്യാപാരി വ്യാവസായി ഏകോപന സമിതി പ്രസിഡന്റ്, കു ന്ദമംഗലംഇസ്ലാമിക് എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, കുന്ദമംഗലം മാകുട്ടം ചാരിറ്റബ്ള്‍ ആന്റ് എജുക്കേഷണല്‍ ട്രസ്റ്റ് അംഗം തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു. ദീര്‍ഘകാലമായി കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റാണ്.

ഭാര്യ പരേതയായ കുഞ്ഞീബി ഹജ്ജുമ്മ. മക്കള്‍ ആമിന, ഫാത്തിമ, എന്‍ ഫസലു റഹമാന്‍, എന്‍ ഖദീജ, എന്‍ സദഖത്തുല്ല, ശരീഫ, എം.സിബഗത്തുല്ല, എം കെ .സാലിഹ്, എം കെ അമീന്‍, ഷഹര്‍ബാനു, എന്‍.മന്‍സൂര്‍, എന്‍ ഹുസ്‌ന, എം കെ .മുഹ്‌സിന്‍, എം കെ .സലീല്‍, പരേതനായ എം കെ . ശാക്കിര്‍. മരുമക്കള്‍:പരേതരായ കെ.മരക്കാര്‍ ചാത്തമംഗലം, സി കെ.അബൂബക്കര്‍ പിണങ്ങോട് (ഇരുവരും പരേതര്‍),മുഹമ്മദ് വെള്ളിമാട്കുന്ന് , കെ വി.ജമാലുദ്ദീന്‍ കുനിയില്‍, അഷ്‌റഫ് വെള്ളിമാട്കുന്ന്ശ, റഫുദീന്‍ (ഇന്ത്യ നൂര്‍), ജമീല (താമരശ്ശേരി), സൗദ (കുറ്റിയാടി), ബി. മഫീദ (മാഹി), മാജിദ (അത്തോളി), സഫീറ , ജലീസ ,റജിമോള്‍, ജാസ്മിന്‍(കുറ്റിയാടി), സഹോദരങ്ങള്‍ പരേതരായ ദൂപതിമൊയ്തീന്‍ ഹാജി, അബദുര്‍ റഹ്മാന്‍ കുട്ടി ഹാജി, ബിച്ചാലി ഹാജി, മുഹമ്മദ് ഹാജി, ഉസ്മാന്‍ ഹാജി, ആമിന (പരേതയായ), ഖദീജ ചാത്തമംഗലം. മയ്യത്ത് നിസ്‌ക്കാരം വൈകുന്നേരം അഞ്ച് മണിക്ക് കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാനില്‍.