ടോക്കിയോ: ജപ്പാനിലെ ഒസാകയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയിലെ വിമാനത്താവളങ്ങള്‍ മണിക്കൂറുകളോളം അടച്ചിട്ടു. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഫാക്ടറികളും അടച്ചിട്ടു. പനാസോണിക്ക് അടക്കം നിരവധി ലോകപ്രശസ്ത കമ്പനികള്‍ ഒസാകയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ ഭിത്തി തകര്‍ന്ന് ഒമ്പതു വയസ്സുകാരിയും കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് എണ്‍പതുകാരനും വീട്ടിലെ ബുക്ക് ഷെല്‍ഫ് മറിഞ്ഞുവീണ് ഒരാളുമാണ് മരിച്ചത്.
സുനാമി സാധ്യതയില്ലെന്നും ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ ട്രെയിന്‍ സര്‍വീസുകള്‍ മുഴുവന്‍ നിര്‍ത്തിവെച്ചു. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒന്നര ലക്ഷത്തിലേറെ വീടുകള്‍ ഇരുട്ടിലായി. നിരവധി ആളുകള്‍ എലവേറ്ററുകളിലും റോഡുകളിലും കുടുങ്ങിയതായി ജപ്പാന്‍ ടൈംസ് അറിയിച്ചു. തുടര്‍ ചലനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലിനും വീടുകള്‍ തകരാനും സാധ്യതയുള്ളതുകൊണ്ട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ മറ്റൊരു വന്‍ ഭൂകമ്പത്തിന് സാധ്യതയുള്ളതായി ജപ്പാന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഭൂകമ്പ സാധ്യത ഏറെയുള്ള രാജ്യമാണ് ജപ്പാന്‍. 2011 മാര്‍ച്ചിലുണ്ടായ ഭൂകമ്പത്തിലും തുടര്‍ന്നുള്ള സുനാമിയിലും ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരുന്നു. ഫുകുഷിമ ആണവനിലയം തകര്‍ന്ന് ആണവ ദുരന്തത്തിനും ജപ്പാന്‍ സാക്ഷിയായി.