കെ.പി ജലീല്‍

കോയമ്പത്തൂര്‍: മുഖ്യമന്ത്രിയും എ.ഐ.എ. ഡി.എം കെ ജനറല്‍ സെക്രട്ടറിയുമായ ജെ.ജയലളിതയുടെ ആരോഗ്യകാര്യത്തില്‍ എന്തെങ്കിലും സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ രണ്ട് ദേശസാല്‍കൃത ബാങ്ക് ഉദ്യോഗസ്ഥര്‍ ജയിലിലായതാണ് ജനങ്ങള്‍ പൊതുവെ ഭയത്തിനടിമപ്പെടാന്‍ കാരണം. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ ഇതുസംബന്ധിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് കൈമലര്‍ത്തുകയാണ് പലരും ചെയ്തത്.

കോയമ്പത്തൂരിലെ തൊണ്ടാമുത്തൂര്‍ ശാഖാ കനറാ ബാങ്കില്‍ ചെന്ന പുനിതാദേവിയാണ് ജയലളിതയുടെ ആരോഗ്യകാര്യത്തെപ്പറ്റി രണ്ട് ജീവനക്കാര്‍ പരിഹസിച്ചതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കേസെടുത്ത പൊലീസ് ജാമ്യമില്ലാത്ത കുറ്റം ചാര്‍ത്തിയാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ ഓട്ടോ സ്റ്റാന്‍ഡുകളിലും ബസ്റ്റാന്‍ഡിലും ജനങ്ങളോട് സംസാരിച്ചപ്പോഴാണ് തമിഴ്‌നാട്ടിലെ അടിയന്തിരാവസ്ഥക്ക് തുല്യമായ അവസ്ഥ മനസ്സിലാക്കാനായത്.
അമ്മ എപ്പടിയിരിക്ക് എന്ന ചോദ്യത്തിന് പോലും കൈകൊണ്ട് ഒന്നും പറയാനില്ലെന്ന് ആംഗ്യം കാട്ടുകയാണ് ആളുകള്‍ ചെയ്തത്. മുഖ്യമന്ത്രിയെക്കുറിച്ച് ചോദിക്കുന്നതുപോലും അവര്‍ ഭയക്കുന്നുവെന്നാണ് തോന്നിപ്പിക്കുന്നത്. അതേസമയം അറസ്റ്റിനെതിരെ അകത്തളങ്ങളില്‍ പ്രതിഷേധം പുകയുന്നുവെന്നാണ് സൂചനകള്‍. കഴിഞ്ഞ മാസം 22നാണ് ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ജയലളിത പനി ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ടത്. പിന്നീട് ഏതാനും ദിവസം ചികില്‍സയെക്കുറിച്ച് ആസ്പത്രി അധികൃതര്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും ഏതാനും ദിവസമായി അതുമില്ല. അനിശ്ചിതമായി ചികില്‍സ വേണ്ടിവരുമെന്നാണ് പറയുന്നത്.

കാര്യമായ അസുഖം ഉണ്ടെന്നുതന്നെയാണ് ജനം വിശ്വസിക്കുന്നത്. ഇതുകാരണം ക്ഷേത്രങ്ങളിലും മറ്റും പൂജകള്‍ നടത്തുകയാണ് ജയ ആരാധകര്‍. പൂജ തന്നെ ജയയുടെ നില അപകടത്തിലെന്നതിന് സൂചനയല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. ഫെയ്‌സ് ബുക്കില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് തെറ്റായി പോസ്റ്റിട്ടതിന് രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പരസ്പരം സംസാരിച്ചതിന് അറസ്റ്റ് ചെയ്യുന്നതും ജാമ്യം പോലും നിഷേധിക്കുന്നതും ജനാധിപത്യരാജ്യത്ത് ഭൂഷണമാണോ എന്നാണ് പലരും രഹസ്യമായി ചോദിക്കുന്നത്.