റാഞ്ചി: ദാരിദ്ര രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സബ്സിഡി നിരക്കില്‍ ദോത്തി അല്ലെങ്കില്‍ ലുങ്കി, സാരി എന്നിവ നല്‍കുമെന്ന് പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. 10 രൂപ നിരക്കില്‍ ഇവ നല്‍കുമെന്നാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നയിക്കുന്ന സഖ്യകക്ഷി സര്‍ക്കാറിന്റെ പ്രഖ്യാപനം.

വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം സബ്സിഡി നിരക്കില്‍ ദോത്തി അല്ലെങ്കില്‍ ലുങ്കി, സാരി എന്നിവ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.  ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ യോഗ്യരായ എല്ലാ കുടുംബങ്ങള്‍ക്കും അന്ത്യോദയ അന്ന യോജന പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്കുമായിരിക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്യുക.

ആറ് മാസത്തെ ഇടവേളയിലാവും വസ്ത്രങ്ങള്‍ നല്‍കുക. അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് സാരിയും ദോത്തിയും വിതരണം ചെയ്യുമെന്ന് ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തെരഞ്ഞെടുപ്പ് പ്രചരണ പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.