അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി മാപ്പ് പറയിക്കാന്‍ ശ്രമിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിക്ക് ഗുജറാത്തിലെ വേദ്ഗാം എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ തകര്‍പ്പന്‍ മറുപടി.

മോദി ഹിമാലയത്തില്‍ പോയി തപസ്സിരിക്കേണ്ട സമയം അതിക്രമിച്ചെന്നും മോദിയെ ബോറടിച്ചെന്നുമുള്ള മേവാനിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് റിപ്പബ്ലിക് ടി.വി ആവശ്യപ്പെട്ടത്. എന്നാല്‍ മോദിയോട് മാപ്പു പറയണം എന്ന ആവശ്യവുമായെത്തിയ റിപ്പോര്‍ട്ടറോടും മേവാനി തന്റെ നിലപാട് ആവര്‍ത്തിച്ചു.

‘മോദിജി നിങ്ങളോടൊപ്പം ഞങ്ങളുണ്ടെന്ന് പറയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ നിങ്ങള്‍ ഞങ്ങളെ വല്ലാതെ ബോറടിപ്പിക്കുന്നു. ഹിമാലയത്തില്‍ പോയി നിങ്ങള്‍ ഒരു രാമക്ഷേത്രം സന്ദര്‍ശിക്കൂ’, ഇതായിരുന്നു ജിഗ്നേഷിന്റെ പ്രതികരണം.

വ്യക്തികളെ കടന്നാക്രമിക്കുന്നത് തരം താഴലല്‍ അല്ലെ എന്ന ചോദ്യത്തിന് ബിജെപിയും പിന്നെ മോദി, വിജയ് രൂപാനി, അമിത് ഷാ എന്നിവരുമാണ് ആദ്യം തന്നോട് മാപ്പ് പറയേണ്ടതെന്നും ജിഗ്നേഷ് പ്രതികരിച്ചു.

രാജ്യത്തെ രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് മോദി വാഗ്ദാനം ചെയ്തത്. എന്നാല്‍ നാലു വര്‍ഷമായി അദ്ദേഹം ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും അതിന് മോദി ജനങ്ങളോട് മാപ്പു പറയണമെന്നും ജിഗ്നേഷ് ആവശ്യപ്പെട്ടു.

മാപ്പു പറയുമോയെന്ന റിപ്പോര്‍ട്ടറുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ജിഗ്നേഷിന്റെ മറുപടി. മോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതാണ് അദ്ദേഹത്തിനും ജനങ്ങള്‍ക്കും നല്ലതെന്നും ജിഗ്നേഷ് മേവാനി തുറന്നടിച്ചു.