മലയാളത്തില്‍ ഹിറ്റായിത്തീര്‍ന്ന ജിമിക്കി ക്കമ്മല്‍ പാട്ടിനെക്കുറിച്ച് സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം നടത്തിയ പ്രസംഗത്തിനെ ട്രോളി സാമൂഹ്യമാധ്യമങ്ങള്‍ക്കൊപ്പം താരങ്ങളും. ജിമിക്കിക്കമ്മല്‍ പാട്ട് ഹിറ്റായത് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ചിന്ത ജെറോമിന്റെ ആവശ്യം. പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ട്രോളര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു. അതിനിടെയാണ് പാട്ടിനെ ഹിറ്റാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവരും ട്രോളി രംഗത്തെത്തുന്നത്. പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ദേവരാജന്‍ മാസ്റ്ററും ഓഎന്‍വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കില്‍ ‘പൊന്നരിവാള്‍ എങ്ങിനെ അമ്പിളി ആവും?’, ‘അങ്ങനെ ആയാല്‍ തന്നെ, ആ അമ്പിളിയില്‍ എങ്ങിനെ കണ്ണ് ഏറിയും?’, ‘കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നേനെ…!’മുരളി ഗോപിയുടെ കമന്റ് ഇങ്ങനെയായിരുന്നു. ഫേസ്ബുക്കിലും വാട്‌സ് അപ്പിലുമുള്‍പ്പെടെ നിരവധി പാട്ടുകളുടെ വരികള്‍ ചേര്‍ത്താണ് ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നത്.

‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലേതാണ് പാട്ട്. ചിത്രം വിജയമായില്ലെങ്കിലും ജിമിക്കിക്കമ്മല്‍ പാട്ട് മലയാളക്കര ഏറ്റെടുത്തിരുന്നു. പാട്ടിനൊപ്പം ചുവട് വെച്ചുള്ള നിരവധി നൃത്ത രംഗങ്ങളാണ് ഇതിനോടകം ഹിറ്റായിരിക്കുന്നത്. അനില്‍ പനീച്ചൂരാന്റെ വരികള്‍ പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്.