തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ എ.കെ.ജി സെന്ററില്‍ പുരോഗമിക്കുമ്പോള്‍ ചോദ്യചിഹ്നമാകുന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി. പാലായില്‍ വിജയിച്ചിരുന്നെങ്കില്‍ ജോസ് മന്ത്രിയാകുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്തി ഇടതുമുന്നണിയിലെത്തിച്ച അദ്ദേഹത്തിന് ഇപ്പോള്‍ രാഷ്ട്രീയ മേല്‍വിലാസം തന്നെ നഷ്ടമായിരിക്കുന്നു. പാലായില്‍ കയ്പുനീര്‍ കുടിച്ചതിന്റെ ആഘാതത്തില്‍ ജോസ് കെ മാണിയുടെ ഭാവി എന്തായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

പാലായില്‍ സി.പി.എമ്മുകാര്‍ ജോസ് കെ മാണിയെ കാലുവാരിയെന്നാണ് ജോസ് വിഭാഗം ആരോപിക്കുന്നത്. സി.പി.എം വോട്ട് വ്യാപകമായി മാണി സി കാപ്പന് പോയെന്നാണ് വിലയിരുത്തല്‍. പ്രാദേശികമായി ജോസ് കെ മാണിയെ ഉള്‍ക്കൊള്ളാന്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കായില്ല. അടുത്തിടെ നടന്ന ഭിന്നത പ്രതിഫലിച്ചോയെന്നും സംശയമുണ്ട്. ഏഴ് പഞ്ചായത്തുകളില്‍ സ്വാധീനമുണ്ടായിട്ടും ബി.ജെ.പി ഭരിക്കുന്ന മുത്തോലിയില്‍ മാത്രമാണ് ജോസിന് മുന്നിലെത്താനായത്. ഇക്കാര്യങ്ങളെല്ലാം ഇരുപാര്‍ട്ടികളും വിശദമായി പരിശോധിക്കണമെന്ന് പാര്‍ട്ടി ഉന്നതാധികാര സമിതിയംഗവും എം.പിയുമായ തോമസ് ചാഴിക്കാടന്‍ ആവശ്യപ്പെടുന്നു

2016ല്‍ കോട്ടയം ജില്ലയില്‍ എല്‍.ഡി.എഫിനൊപ്പം നിന്നത് ഏറ്റുമാനൂരും വൈക്കവും മാത്രമായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ വരവോടെ ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഇടതു പാളയത്തിലെത്തി. ചങ്ങനാശേരിയിലേയും പൂഞ്ഞാറിലെയും ജയത്തില്‍ അഭിമാനിക്കാം. എന്നാല്‍ പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് റാന്നി, ചാലക്കുടി അടക്കമുള്ള സിറ്റിങ് സീറ്റുകള്‍ ഇടതു മുന്നണി മാണി വിഭാഗത്തിന് വിട്ടുനല്‍കിയത്. ചാലക്കുടിയില്‍ ഡെന്നിസ് ആന്റണി പരാജയപ്പെട്ടപ്പോള്‍ റാന്നിയില്‍ പ്രമോദ് നാരയണന്‍ വിജയിച്ചു. മധ്യകേരളത്തില്‍ 11 സീറ്റാണ് ജോസ് വിഭാഗത്തിന് എല്‍.ഡി.എഫ് അനുവദിച്ചത്. ഇതില്‍ അഞ്ചിടത്ത് വിജയിക്കാനും കഴിഞ്ഞു. അപ്പോഴും നായകന് റോളില്ലാതാകുന്നത് ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് എല്‍.ഡി.എഫില്‍ തന്നെ അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്ന സൂചനയാണ് നല്‍കുന്നത്. ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, റാന്നിയില്‍ പ്രമോദ് നാരായണന്‍, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളിയില്‍ ഡോ.എന്‍. ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തിനാല്‍ എന്നിവരാണ് വിജയിച്ചത്. ജോസ് കെ മാണിയുടെ തോല്‍വിയോടെ റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചു. ജോസ് കെ മാണിക്ക് പുറമെ ചാലക്കുടിയില്‍ ഡെന്നിസ് ആന്റണി, പെരുമ്പാവൂരില്‍ ബാബു ജോസഫ്, പിറവത്ത് സിന്ധുമോള്‍ ജേക്കബ്, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്, തൊടുപുഴയില്‍ കെ.ഐ ആന്റണി എന്നിവരാണ് പരാജയപ്പെട്ടത്.

സി.പി.എമ്മിന്റെ ആശീര്‍വാദത്തോടെ ജോസ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ടും സിന്ധുമോള്‍ക്ക് അനൂപ് ജേക്കബിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ പോലും സാധിച്ചില്ല. 2016ലെ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എമ്മിന് വിജയിക്കാനായത്. ജോസഫ് വിഭാഗം ഒപ്പമുള്ള സാഹചര്യമായിരുന്നു അത്. പാല ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് അടിയൊഴുക്കുകള്‍ സംഭവിക്കുകയും മണ്ഡലം മാണി സി കാപ്പന്‍ പിടിച്ചെടുക്കുകയും ചെയ്തു. ജോസഫ് വിഭാഗവുമായി പിരിഞ്ഞതോടെ കേവലം രണ്ട് സീറ്റ് മാത്രമായാണ് ജോസ് വിഭാഗം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇതിനിടെ പാലായില്‍ പാര്‍ട്ടി വോട്ടുകള്‍ മാത്രമല്ല കേരളാ കോണ്‍ഗ്രസ് വോട്ടുകളിലും വിള്ളലുണ്ടായെന്നാണ് സി.പി.എം വിലയിരുത്തല്‍. ജോസ് കെ മാണിക്കെതിരെയുള്ള എതിര്‍പ്പ് പ്രധാന ഘടകമായി. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പാലാ നഗരസഭയിലെ കൈയ്യാങ്കളിയില്‍ നടപടി വേണമോ എന്ന കാര്യവും ആലോചനയിലുണ്ട്. വിശദമായ റിപ്പോര്‍ട്ട് സി.പി.എം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.