കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുട്ടനാട് സീറ്റില്‍ അവകാശവാദം വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. കാലങ്ങളായി കേരളാ കോണ്‍ഗ്രസ് മത്സരിച്ച് വന്ന മണ്ഡലമാണ്. അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള അവകാശവും കേരളാ കോണ്‍ഗ്രസിന് തന്നെയാണ് . എന്ത് അടിസ്ഥാനത്തിലാണ് പിജെ ജോസഫ് കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് പേരിലും രണ്ടില ചിഹ്നത്തിലും മത്സരിക്കാന്‍ കഴിയില്ല. അതില്ലാതിരുന്നിട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെല്ലുവിളിക്കുകയാണ്. തോറ്റു തുന്നംപാടിയവരുടെ വിലാപമാണിതെന്നും ജോസ് കെ മാണി പറഞ്ഞു ,

തെറ്റു തിരുത്തിയാല്‍ യുഡിഎഫിലേക്ക് തിരിച്ച് വരാമെന്നാണ് പിജെ ജോസഫ് പറയുന്നത്. ഏത് തെറ്റാണ് തിരുത്തേണ്ടതെന്നും ജോസ് കെ മാണി ചോദിക്കുന്നു. പലരും കേരളാ കോണ്‍ഗ്രസിനെ സ്വാഗതം ചെയ്യുന്നുണ്ട്. അതില്‍ സന്തോഷം ഉണ്ട് ഉചിതമായ തീരുമാനം എടുക്കും. അത് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പുണ്ടാകുമെന്നും ജോസ് കെ മാണി അറിയിച്ചു.

പാലായും കുട്ടനാടും എന്‍സിപി സീറ്റുകളാണെന്നും അത് മോഹിച്ച് ആരും ഇടത് മുന്നണിയിലേക്ക് വരേണ്ടതില്ലെന്നും ഉള്ള മാണി സി കാപ്പന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു.