X

നീതിനിഷേധങ്ങള്‍ക്കെതിരായ സമരങ്ങളുടെ പ്രതിജ്ഞ പുതുക്കലാണ് ജൂലൈ 30: സാദിഖലി ശിഹാബ് തങ്ങള്‍

ഭാഷാ സമര സ്മരണയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍. ഭാഷാ സമരത്തിന്റെ ഒരു ഓര്‍മ്മ ദിനം കൂടി, ജനാധിപത്യ സംവിധാനത്തിനകത്ത് യോജിപ്പുകള്‍ മാത്രമല്ല, വിയോജിപ്പുകളും പ്രധാനമാണ്.

മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനകത്ത് അനിവാര്യമായ ഘട്ടങ്ങളില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും അത് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാ നിര്‍മ്മാണ സഭ മുതല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംസ്ഥാനങ്ങളിലെ നിയമസഭകളിലും വിയോജിപ്പിന്റെ പോരാട്ടങ്ങള്‍ സൃഷ്ടിക്കുകയും അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് നമ്മള്‍.

അതോടൊപ്പം അവകാശ നിഷേധങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങളും നടത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് ചരിത്രത്തിലെ ശ്രദ്ധേയമായ സമരമായിരുന്നു 1980 ജൂലൈ 30 ലെ ഭാഷാ സമരം. ഭാഷാ പഠന രംഗത്തെ പരിഷ്‌ക്കാരക്കാരത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ അവകാശ നിഷേധങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഐതിഹാസികമായ ആ സമരത്തില്‍ മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ അബ്ദുള്ള എന്ന കുഞ്ഞിപ്പ, തേഞ്ഞിപ്പലത്തെ അബ്ദുറഹിമാന്‍ എന്നിവര്‍ രക്തസാക്ഷികളായി.

ഈ സമരത്തിന് തുടര്‍ച്ചകള്‍ ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പ്രഖ്യാപിച്ചതോടെ അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ എന്ന പേരിട്ട് നടപ്പിലാക്കിയ നീതി നിഷേധങ്ങളായ ആ പരിഷ്‌ക്കരണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

ആ സമരത്തിന്റെ നാല്‍പത്തിമൂന്ന് വര്‍ഷക്കള്‍ക്കു ശേഷം ധാരാളം സമരങ്ങള്‍ പിന്നേയുമുണ്ടായിട്ടുണ്ട്.
ശരീഅത്ത്, പൗരത്വം, വഖഫ് ബോര്‍ഡ് വിഷയങ്ങളിലൊക്കെ വലിയ സമരങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കി. ഏക സിവില്‍കോഡ് വിഷയത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയോടെ കൂട്ടായി നിന്ന് വിയോജിപ്പിന്റെ ശബ്ദങ്ങള്‍ മുഴക്കുകയാണ് നമ്മള്‍.

വര്‍ത്തമാനകാലത്തും വരാനിരിക്കുന്ന കാലത്തും ജനാധിപത്യ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കാനും നീതി നിഷേധങ്ങള്‍ക്കെതിരേയും, അവകാശ ധ്വംസനങ്ങള്‍ക്കെതിരേയും പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള പ്രതിജ്ഞ പുതുക്കാനുള്ള ദിനമാണ് ഓരോ ജൂലൈ മുപ്പതും. ചരിത്രത്തിലെ ആവേശകരമായ ആ സമര പാരമ്പര്യം വര്‍ത്തമാനത്തിലൂടെ വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയട്ടെ എന്നും തങ്ങള്‍ ഉണര്‍ത്തി.

webdesk14: