X

സങ്കടക്കടല്‍ കടന്ന് ജുനൈദും റജ്‌വയും സ്‌കൂളിലേക്ക്…

റഷീദ് മോര്യ
താനൂര്‍

സങ്കടം തളം കെട്ടിയ താനൂര്‍ ഓലപ്പീടിക എളാപ്പപ്പടിയിലെ കാട്ടില്‍പ്പീടിയേക്കല്‍ സിദ്ദീഖിന്റെ വീട് പതിയെ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. സന്ദര്‍ശകരുടെ വരവ് കുറഞ്ഞു തുടങ്ങി. ഇരുപത്തിനാല് ദിവസം മുമ്പാണ് സിദ്ദീഖും മക്കളായ ഫാത്തിമ മിന്‍ഹയും, ഫൈസാനും താനൂര്‍ ബോട്ട് ദുരന്തത്തില്‍ നാഥന്റെ വിളിക്ക് ഉത്തരം നല്‍കി കണ്‍മറഞ്ഞത്. ഏതാനും മീറ്ററുകള്‍ അപ്പുറത്ത് ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ മൈലാഞ്ചിച്ചെടിയുടെ ചുവട്ടില്‍ മൂവരും ഒന്നിച്ചുറങ്ങുകയാണ്. സിദ്ദീഖിന്റെ വീട്ടില്‍ എത്തുമ്പോള്‍ ജുനൈദ് പുതുതായി നിര്‍മ്മിച്ച വീടിന്റെ ചുറ്റുമതില്‍ നനക്കുന്ന തിരക്കിലാണ്. ഉപ്പയുടെ ഓര്‍മകള്‍ അവന്റെ കണ്ണില്‍ തിളങ്ങുന്നുണ്ട്. ഉള്ളില്‍ തപിക്കുന്ന സങ്കടം മുഖത്ത് വായിച്ചെടുക്കാന്‍ കഴിയും.

ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ്സിലേക്കാണിനി ജുനൈദ്. പത്താം ക്ലാസ് കഴിഞ്ഞാല്‍ പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കണം എന്നാണ് ആഗ്രഹം. ഫുട്‌ബോളാണ് ഇഷ്ട വിനോദം. സങ്കടം വകഞ്ഞുമാറ്റാന്‍ ബന്ധുക്കളായ സമപ്രായക്കാരായ കൂട്ടുകാരൊക്കെ ജുനൈദിന്റെ വീട്ടിലുണ്ട്. അലങ്കാര മത്സ്യം വളര്‍ത്താനുള്ള ഒരുക്കത്തിലാണവന്‍. ദുരന്തശേഷം ആരോടും അധികം സംസാരിക്കാതെ മാറിനിന്നിരുന്ന ജുനൈദ് എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്.

ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഫാത്തിമ റജ്‌വയുടെ സ്‌കൂള്‍ അഞ്ചാം തിയ്യതിയാണ് തുറക്കുക. പരിയാപുരം ജി.എല്‍.പി സ്‌കൂളില്‍ ഒന്നാം ക്ലാസുകാരിയായിരുന്ന റജ്‌വ താനൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളിലേക്കാണിനി പുതിയ യൂണിഫോമണിഞ്ഞു പോകുന്നത്. അയല്‍വീട്ടില്‍ കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന റജ്‌വ നാണം കുണുങ്ങിയാണ് മുന്നിലെത്തിയത്. പുതിയ സ്‌കൂളില്‍ പുതിയ ഫ്രണ്ട്‌സ് ഉണ്ടാകുമെന്ന ആഹ്ലാദത്തിലാണ് വീട്ടുകാര്‍ അക്കു എന്നു വിളിക്കുന്ന റജ്‌വ. ദുരന്തത്തില്‍ പരിക്കുപറ്റിയ റജ്‌വ ഒരാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മക്കളുടെ സ്‌നേഹ ആവശ്യത്തിന് വഴങ്ങിയാണ് സിദ്ദീഖ് ദുരന്ത ദിവസം മക്കളോടൊപ്പം കടല്‍ കാണാന്‍ താനൂരിലേക്ക് പോയതെന്ന് ഉമ്മ ഫാത്തിമ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. ഏക മകന്‍ സിദ്ദീഖിനൊപ്പം രണ്ട് പേരക്കുട്ടികളേയുമാണ് ഫാത്തിമക്ക് താനൂര്‍ ബോട്ട് ദുരന്തത്തില്‍ നഷ്ടമായത്. ജുനൈദും റജ്‌വയുമിപ്പോള്‍ ദുരന്തത്തിന്റെ കഥകള്‍ ഓര്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല. അടക്കിപ്പിടിച്ച സങ്കടവുമായി സിദ്ദീഖിന്റെ ഭാര്യ മുനീറ വീട്ടിനകത്തുണ്ട്. ആശ്വാസം നല്‍കാന്‍ മുനീറയുടെ ഉമ്മയും സഹോദരിയും എളാപ്പപ്പടിയിലെ വീട്ടില്‍ ഉണ്ട്.

webdesk11: