X
    Categories: CultureMoreNewsViews

അലോക് വര്‍മ്മക്ക് എതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് വിജിലന്‍സ് കമ്മീഷന്‍

ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ തലവന്‍ അലോക് വര്‍മ്മക്ക് എതിരായ അഴിമതി ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ജസ്റ്റിസ് എ.കെ പട്‌നായിക്. അലോക് വര്‍മ്മക്ക് എതിരായ വിജിലന്‍സ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് എ.കെ പട്‌നായിക് ആയിരുന്നു. അലോക് വര്‍മ്മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ തീരുമാനം തിരക്കിട്ട നടപടിയായെന്നും പട്‌നായിക് പറഞ്ഞു. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പട്‌നായിക് ഇക്കാര്യം വ്യക്തമാക്കിയത്.

സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്രസര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അലോക് കുമാര്‍ വര്‍മ്മ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളെ ചെറുക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അലോക് വര്‍മ്മ രാജിക്കത്തില്‍ പറഞ്ഞു.

സ്വാഭാവിക നീതി പോലും തനിക്ക് നിഷേധിക്കപ്പെട്ടതായി പേഴ്‌സണല്‍ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വര്‍മ്മ ആരോപിക്കുന്നു. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ല. തന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സി.ബി.ഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സി.വി.സിയുടെ റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31ന് എന്റെ വിരമിക്കല്‍ പ്രായം പിന്നിട്ടതാണ്. സി.ബി.ഐ ഡയറക്ടര്‍ പദവി തന്ന് എന്റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയര്‍ സര്‍വീസസ് ഡിജി പദവി ഏറ്റെടുക്കാന്‍ എന്റെ പ്രായപരിധി തടസ്സമാണ്. അതിനാല്‍ എന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണം.’ വര്‍മ കത്തില്‍ കുറിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: