X

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

കൊല്ലം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ (88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. മൃതദേഹം 10 മണിക്ക് കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകീട്ട് നാലിന് മുളങ്കാടകം ശ്മശാനത്തില്‍ നടക്കും. വിജയമ്മയാണ് ഭാര്യ. മിനി, ഷാജി ശിവദാസന്‍ എന്നിവര്‍ മക്കളാണ്.

നാല് തവണ മന്ത്രി ആയിരുന്നു. വൈദ്യുതി, വനം,എക്‌സൈസ്, ആരോഗ്യം, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ആര്‍എസ്പിയിലൂടെയാണ് കടവൂര്‍ ശിവദാസന്‍ കേരളരാഷ്ട്രീയത്തില്‍ എത്തുന്നത്. 1980ലും 82ലും ആര്‍എസ്പി പ്രതിനിധിയായി കടവൂര്‍ ശിവദാസന്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലെത്തുകയും കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന നേതാവായി മാറുകയും ചെയ്യും.

1991,1996,2001 എന്നിങ്ങനെ തുടര്‍ച്ചയായി 15 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം കൊല്ലം,കുണ്ടറ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചു ജയിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് കടവൂര്‍ ശിവദാസനായിരുന്നു.

chandrika: