തിരുവനന്തപുരം: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കുമെന്ന് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് രണ്ടു പുതിയ സിനിമകളെക്കുറിച്ച് വിനയന്‍ പറയുന്നത്.

മാറുമറക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയ ചേര്‍ത്തലക്കാരി നങ്ങേലിയുടെ കഥ പറയുന്ന ചിത്രമാണ് ഒന്ന്. മറ്റേത് കേരളത്തിന്റെ കറുത്ത മുത്തായിരുന്ന കലാഭവന്‍ മണിയെന്ന അതുല്യകലാകാരന്റെ ജീവിതത്തെക്കുറിച്ചുമാണ്.-വിനയന്‍ പോസ്റ്റില്‍ പറയുന്നു.

നാല്‍പ്പത്തൊന്ന് സിനിമകള്‍ സംവിധാനം ചെയ്ത വിനയനാണ് മണിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ കഥാപാത്രങ്ങള്‍ നല്‍കിയത്. വിനയന്റെ കരുമാടിക്കുട്ടനും, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും മണിക്ക് നല്‍കിയത് മികച്ച കഥാപാത്രങ്ങളായിരുന്നു. മണിയുടെ അകാലത്തിലുള്ള വിടപറയലിന് ശേഷം അദ്ദേഹത്തിന്റെ ജീവിതം തന്നെ സിനിമയാക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ വിനയന്‍. സിനിമക്ക് എല്ലാവരുടേയും പിന്തുണ വേണമെന്നും വിനയന്‍ പോസ്റ്റില്‍ അപേക്ഷിക്കുന്നു.

ഓട്ടോ ഡ്രൈവറായി ജീവിതം തുടങ്ങിയ മണി മിമിക്രിയിലൂടെയാണ് മലയാളസിനിമാ മേഖലയിലേക്ക് എത്തുന്നത്. പെട്ടെന്ന് തന്നെ സിനിമയില്‍ വളര്‍ച്ചയിലെത്തിയ താരം ഒട്ടേറെ സിനിമകളില്‍ തിളങ്ങിയിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് മണി മരണത്തിന് കീഴടങ്ങുന്നത്.