ചെന്നൈ: ഉലകനായകന്‍ കമല്‍ ഹാസനെ യുപിഎ സഖ്യത്തിലെത്തിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. രജനീകാന്തിന്റെ പാര്‍ട്ടിയുമായി കമല്‍ഹാസന്‍ സഖ്യചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് കമല്‍ ഹാസന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യചര്‍ച്ച നടത്തുന്നത്. കമല്‍ ഹാസനെ യുപിഎ മുന്നണിയിലെത്തിക്കാന്‍ സാധിച്ചാല്‍ തമിഴ്‌നാട്ടില്‍ വലിയ മുന്നേറ്റം നടത്താനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന നടി ഖുശ്ബു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത് തമിഴ്‌നാട് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. ഇതിനെ മറികടക്കാനാണ് കമല്‍ഹാസനെ യുപിഎ സഖ്യത്തിലെത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

മതേതരപാര്‍ട്ടികളുടെ കൂട്ടായ്മയിലേക്ക് കമലിനെ എത്തിക്കാനായാല്‍ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ബിജെപി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ വലിയ ആരാധക പിന്തുണയുള്ള കമലിനെ കൊണ്ടുവന്നാല്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.