X
    Categories: CultureViews

കണ്ണന്താനം സി.പി.എമ്മിനും ബി.ജെ.പിക്കുമിടയിലെ പാലം: വി.ഡി സതീശന്‍

തിരുവന്തപുരം: സി.പി.എമ്മിനും ബി.ജെ.പിക്കുമിടയിലെ പാലമാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ഡി സതീശന്‍ എം.എല്‍.എ. ബി.ജെ.പിക്കെതിരെ രാജ്യത്ത് മതേതര മുന്നണി രൂപീകരിക്കാന്‍ സി.പി.എമ്മിനും പിണറായി വിജയനും താല്‍പര്യമില്ലെന്ന് സതീശന്‍ പറഞ്ഞു.

‘അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായി ചുമതലയേറ്റപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്വീകരണം നോക്കൂ. 1977-ല്‍ സി.പി.എമ്മും ജനസംഘവും തമ്മിലുണ്ടായിരുന്ന സഖ്യത്തെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. രാജ്യത്ത് ജനാധിപത്യം അപകടത്തിലായതിനാലാണ് ജനസംഘവുമായി സഖ്യത്തിലേര്‍പ്പെട്ടത് എന്നാണ് അന്ന് സി.പി.എം പറഞ്ഞത്. ഇപ്പോള്‍ മോദിക്കു കീഴില്‍ ജനാധിപത്യം സുരക്ഷിതമായതു കൊണ്ടാണോ സി.പി.എം ബി.ജെ.പിയേക്കാള്‍ വലിയ ശത്രുവായി കോണ്‍ഗ്രസിനെ കാണുന്നത്?’ – സതീശന്‍ ചോദിച്ചു.

‘പശ്ചിമ ബംഗാളിലെ സി.പി.എമ്മിന് കോണ്‍ഗ്രസിനെ പിന്തുണക്കാനുള്ള താല്‍പര്യമുണ്ട്. യെച്ചൂരിയുടെ രാജ്യസഭാ വിഷയത്തില്‍ അത് വ്യക്തവുമായിരുന്നു. എന്നാല്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ വിഭാഗവുമാണ് ബി.ജെ.പിയെ നിരന്തരമായി എതിര്‍ക്കുന്ന യെച്ചൂരിയുടെ നിലപാടിന് വിഘാതമാകുന്നത്.’

‘അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം പോലും സംതൃപ്തരായിരുന്നില്ല. അപ്പോഴാണ് പിണറായി വിജയന്‍ അദ്ദേഹത്തിന് വിളിച്ച് വിരുന്നൊരുക്കിയത്. കേരളത്തിലെ സി.പി.എമ്മിനും കേന്ദ്രത്തിലെ ബി.ജെ.പിക്കുമിടയിലെ പാലമാണ് കണ്ണന്താനം’ – സതീശന്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: