മട്ടന്നൂര്‍: കണ്ണൂരില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം നടന്ന പ്രദേശം സന്ദര്‍ശിക്കാനെത്തിയ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെയുള്ള നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ നടുവനാടാണ് വീട്ടിനുള്ളില്‍ സ്‌ഫോടനം ഉണ്ടായത്.

സതീശന്‍ പാച്ചേനി, കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയ കോണ്‍ഗ്രസ്സ് നേതാക്കളുള്‍പ്പെട്ട സംഘത്തെ വീടിന് സമീപത്ത് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തിങ്കളാഴ്ച ഉച്ച 12ഓടെയാണ് സംഭവം. സ്‌ഫോടനം നടന്ന വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു നേതാക്കള്‍. പന്നിപ്പടക്കമല്ല ബോംബാണ് പൊട്ടിയതെന്ന് സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ പറഞ്ഞതാണ് തടയുന്നതിന് ഇടയാക്കിയത്. തുടര്‍ന്ന് ഇരുവിഭാഗത്തിലുള്ളവരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി.

പിന്നീട് പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തെയും മാറ്റിയത്. സ്‌ഫോടനം നടന്ന വീട് സന്ദര്‍ശിക്കാതെയാണ് പാച്ചേനിയും സംഘവും മടങ്ങിയത്. നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ തങ്ങളെ തടയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തുവെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.