അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ കോഴിക്കോട്-കണ്ണൂര്‍ റെയില്‍ പാതയില്‍ ഇനി ട്രെയിനുകള്‍ക്ക് പുതിയ വേഗം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പാതയിലെ നിയന്ത്രണങ്ങള്‍ റെയില്‍വെ റദ്ദാക്കി.
കോഴിക്കോട്, കണ്ണൂര്‍ സെക്ഷനുകളിലെ തലശേരി-മാഹി, എടക്കോട്ട്-തലശേരി, കണ്ണൂര്‍ സൗത്ത്-എടക്കോട്ട് എന്നീ പാതകളിലാണ് റെയില്‍വെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ട്രെയിനുകളുടെ വേഗതയിലും മാറ്റം വരും. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതിയിലായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍, ഇനി മുതല്‍ 32 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ വ്യക്തമാക്കി.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെ മുതല്‍ 18വരെ ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍, മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ്, ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ്‌നാഥ് എന്നീ ട്രെയിനുകള്‍ കൃത്യസമയത്ത് സര്‍വീസ് നടത്തും.
നവീകരണത്തിന്റെ ഭാഗമായി പാതയില്‍ നിന്നു പഴക്കം ചെന്നതും കേടുപാടു വന്നതുമായ ട്രാക്ക് സാമഗ്രികള്‍ നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ നിയന്ത്രിതമായ വേഗതയിലാണ് പാതയില്‍ കൂടി സര്‍വീസ് നടത്തിയിരുന്നത്. ട്രാക്ക് നവീകരണത്തിനായി 1.9 കോടി രൂപയാണ് പാലക്കാട് ഡിവിഷന്‍ ചിലവഴിച്ചത്. കോഴിക്കോട് -കണ്ണൂര്‍ പാതയില്‍ 38 കിലോമീറ്റര്‍ പാതയുടെ നവീകരണത്തിനുള്ള നടപടികള്‍ക്കും തുടക്കമായതായി റെയില്‍വെ അറിയിച്ചു.