X

കണ്ണൂരില്‍ 65 വര്‍ഷക്കാലം സിപിഎം കുത്തകയാക്കിവെച്ച വാര്‍ഡില്‍ മുസ്‌ലിം ലീഗ് വിജയിച്ചു

തളിപ്പറമ്പ്: ആറര പതിറ്റാണ്ട് കാലം സിപിഎം കുത്തകയാക്കിവെച്ച തലോറ വാര്‍ഡില്‍ ചരിത്രത്തില്‍ ആദ്യമായി അട്ടിമറി ജയം തേടി യുഡിഎഫ്. വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. സാജിദയാണ് ചെങ്കോട്ട തകര്‍ത്ത് വിജയകിരീടം ചൂടിയത്. സിപിഎമ്മിന്റെ അക്രമത്തെയും കള്ളവോട്ടിനെയും അതിജീവിച്ച മുസ് ലിം ലീഗ് പ്രവര്‍ത്തകരുടെ പ്രയത്‌നത്തിനുള്ള സമ്മാനം കൂടിയായി ഈ വിജയം മാറി. ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനില്‍ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറായിട്ടും അത് നിരസിച്ച സാജിദ ടീച്ചറുടെ ആത്മവിശ്വാസത്തിന്റെ വിജയം കൂടിയാണ് 11 വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള ഈ വിജയം.

ഒരുകാലത്ത് യുഡിഎഫിന് ബാലികേറാമലയായിരുന്നു തലോറ വാര്‍ഡ് ഉള്‍പ്പെടുന്ന പരിയാരം ഗ്രാമപഞ്ചായത്ത്. ഒരു വാര്‍ഡില്‍ മാത്രമായിരുന്നു ജയിച്ചിരുന്നത്. എന്നാല്‍, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. 18ല്‍ ഏഴ് സീറ്റുകള്‍ യുഡിഎഫ് നേടി. ഇടതുപക്ഷത്തിന്റെ ഏകാധിപത്യ നിലപാടും വികസന വിരുദ്ധതയുമാണ് അവര്‍ക്ക് തിരിച്ചടിയായത്. അന്ന് ചിതപ്പിലെപൊയില്‍ വാര്‍ഡില്‍ അട്ടിമറി വിജയമാണ് സാജിദ ടീച്ചല്‍ നേടിയത്. പ്രതിപക്ഷ വാര്‍ഡുകളെ അവഗണിക്കുന്ന നിലപാട് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചിട്ടും അവരോട് നിരന്തരം കലഹിച്ച് ചിതപ്പിലെപൊയില്‍ വാര്‍ഡില്‍ നിരവധിയായ വികസന പ്രവര്‍ത്തനങ്ങളാണ് സാജിദ ടീച്ചര്‍ കൊണ്ടുവന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന മികവുമായാണ് ഇത്തവണ ഇടതുകോട്ടയായ തലോറയില്‍ സാജിദ മത്സരത്തിനിറങ്ങിയത്.

കഴിഞ്ഞ തവണത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ. രാജേഷ് ജയിച്ച വാര്‍ഡാണിത്. ആ വാര്‍ഡാണ് സാജിദ അട്ടിമറിയിലൂടെ നേടിയത് ന്നെത് വിജയത്തിന്റെ മാധുര്യം ഇരട്ടിപ്പിക്കുകയാണ്. ഈ വാര്‍ഡില്‍ സിപിഎം കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ സാജിദക്കും തെരഞ്ഞെടുപ്പ് മുഖ്യ ഏജന്റ് അഷ്‌റഫ് പുളുക്കൂലിനും അക്രമത്തിനിരയാകേണ്ടിയും വന്നിരുന്നു. അത്തരം അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തു കൂടിയാണ് ഈ വിജയം.

കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാം സഭ സ്‌കൂള്‍ പ്രധാനാധ്യാപിക കൂടിയാണ് 44കാരിയായ പി സാജിദ. കെഎസ്ആര്‍ടിസി ജീവനക്കാരനായ അബ്ദുല്‍ നാസറാണ് ഭര്‍ത്താവ്. നജ്‌ല, നദ, നിഹാല്‍ എന്നിവര്‍ മക്കളാണ്.

 

web desk 1: