ലക്‌നൗ: യുപിയിലെ ഹാഥറസില്‍ പോവാന്‍ ശ്രമിച്ച മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ യുഎപിഎ ചുമത്തിയതില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.രാജ്യസഭയില്‍ യുഎപിഎ സംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ഈ നിയമം ദുരുപയോഗിക്കുമെന്ന് പറഞ്ഞ കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. രാജാവിന്റെ ഭരണമല്ല സ്വരാജാണ് നമുക്കു വേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. യുഎപിഎക്ക് പുറമെ ഐടി നിയമത്തിലെ വകുപ്പുകളും ചുമത്തി. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് മാധ്യമപ്രവര്‍ത്തകന്റെ പേരില്‍ ചുമത്തിയത്.

രണ്ട് ദിവസം മുമ്പ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം മഥുരയില്‍ വെച്ചാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദീഖ് ഓണ്‍ലൈന്‍ പോര്‍ട്ടലായ അഴിമുഖത്തിന്റെ പ്രതിനിധിയായാണ് ഹാത്രസ് സന്ദര്‍ശിക്കാനെത്തിയത്.

ഹാത്രസിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇവരുടെ കയ്യില്‍ നിന്ന് ചില ഡിജിറ്റല്‍ രേഖകല്‍ പിടിച്ചെടുത്തതായും പൊലീസ് പറയുന്നു. ഹാത്രസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അജ്ഞാതരെ കുറച്ചാളുകളുടെ പേരില്‍ യുപി പൊലീസ് കേസെടുത്തിരുന്നു. ഇതിലേക്ക് മാധ്യമപ്രവര്‍ത്തകനെ അടക്കം പ്രതിചേര്‍ക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് സൂചന.