മുംബൈ: ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹറിന് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കരണിന് ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറന്നത്. ട്വിറ്ററിലൂടെയാണ് കരണ്‍ ഇക്കാര്യം അറിയിച്ചത്. ആണ്‍കുട്ടിക്ക് തന്റെ പിതാവ് യാഷ് ജോഹറിന്റെ പേരാണ് കരണ്‍ നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിക്കാവട്ടെ റൂഹിയെന്നും. ഏറെ സന്തോഷവാനാണെന്നും പിതാവായതിന്റെ ത്രില്ലിലാണെന്നും കരണ്‍ ട്വിറ്ററില്‍ കുറിച്ചു. വാടക ഗര്‍ഭധാരണം നടത്തിയ യുവതിക്ക് നന്ദി അറിയിക്കാനും കരണ്‍ മറന്നില്ല. തന്റെ പ്രാര്‍ത്ഥനകളില്‍ അവര്‍ എന്നുമുണ്ടാകുമെന്നും കരണ്‍ പറയുന്നു.
കരണ്‍ ജോഹര്‍ തന്റെ ആത്മകഥയായ ‘ ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയി’ലൂടെയാണ് കുഞ്ഞിനെ ദത്തെടുക്കാനോ വാടക ഗര്‍ഭധാരണത്തിനോ ആഗ്രഹമുണ്ടെന്ന് അറിയിക്കുന്നത്. നേരത്തെ നടന്‍ തുഷാര്‍ കപൂറിന് വാടക ഗര്‍ഭപാത്രം വഴി കുഞ്ഞു പിറന്നിരുന്നു. കൂടാതെ 2013ല്‍ കരണിന്റെ ഉറ്റ സുഹൃത്തും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് സമാനരീതിയില്‍ കുഞ്ഞ് പിറന്നിരുന്നു.