കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് വരുമ്പോഴാണ് വാഹനം തടഞ്ഞു നിര്‍ത്തി ഇയാളെ തട്ടിക്കൊണ്ടുപോകുന്നത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസാണ് വീട്ടില്‍ മടങ്ങിയെത്തിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് റിയാസ് പൊലീസിനോട് പറഞ്ഞു. ദുബായിലെ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന്് ഉടലെടുത്ത തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് റിയാസ് പറയുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ശേഷം ക്വാറന്റൈനില്‍ കഴിയാന്‍ വീട്ടിലേക്ക് ടാക്‌സിയില്‍ പോകുമ്പോഴാണ് വാഹനം തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയത്. മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവറായ അഷ്‌റഫ് ആണ് വിവരം പൊലീസിനെ അറിയിച്ചത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നായിരുന്നു ആദ്യ നിഗമനം. റിയാസ് സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അബുദാബിയില്‍ നിന്നാണ് റിയാസ് കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ടാക്‌സി കാര്‍ പിന്തുടര്‍ന്ന ഗുണ്ടാ സംഘം കൊണ്ടോട്ടി കോളോത്ത് വെച്ചാണ് കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോയത്. ഈ സമയം നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാസംഘം രക്ഷപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.