കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യു.ഡി.എഫ് ജനപ്രതിനിധികള്‍ കരിപ്പൂരില്‍ സത്യഗ്രഹം നടത്തുന്നു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച സത്യാഗ്രഹം രാത്രി എട്ട് വരെ നീളും. എം.പിമാരും, എം.എല്‍.എമാരും പങ്കെടുക്കും. ഹജജ് സര്‍വീസ് ഒഴിവാക്കിയതടക്കം കരിപ്പൂര്‍ വിമാനത്താവളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെയാണ് സമരം.

റണ്‍വെയില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് 2015 മെയ് ഒന്നിനാണ് വലിയ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. എന്നാല്‍ റണ്‍വെയിലെ റീ കാര്‍പ്പറ്റിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് ഇല്ലാതാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഹജജ് എംബാര്‍ക്കേഷന്‍ ലിസ്റ്റില്‍ കരിപ്പൂര്‍ ഇത്തവണയും ഉള്‍പ്പെടില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും വ്യോമയാന വകുപ്പ്മന്ത്രി അശോക് ഗജ്പതി രാജുവും വ്യക്തമാക്കിയതോടെ കേന്ദ്രം കരിപ്പൂരിനെ അവഗണിക്കുകയാണെന്ന വാദം ശക്തമായി.

റണ്‍വെയുടെ റീ സ്‌ട്രെങ്തനിങ് നടത്തുകയും ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതോടെ ഒട്ടേറെ വിദേശ വിമാന കമ്പനികള്‍ പരിശോധന നടത്തുകയും സര്‍വീസ് നടത്താന്‍ തയാറാണന്നും അറിയിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റണ്‍വേകളിലൊന്നാണ് കരിപ്പൂരിലേതെന്നു ഡി.ജി.സി.എയും സൂചിപ്പിച്ചിരുന്നു. എന്നാല്‍, റണ്‍വേ നീളം കൂട്ടിയാല്‍ മാത്രമേ വലിയ വിമാനങ്ങളെ അനുവദിക്കൂ എന്ന നിലപാടിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. ഇതിനായി 575 ഏക്കര്‍ ഭൂമിയാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.

നീളം കുറഞ്ഞ റണ്‍വേയുള്ള ലക്നൗ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നുണ്ട്. കോഡ് ഇനത്തില്‍പ്പെട്ട വലിയ വിമാനങ്ങള്‍ 16 വര്‍ഷം കരിപ്പൂരില്‍ സര്‍വീസ് നടത്തിയതാണ്. സഊദി, എയര്‍ ഇന്ത്യ ജംബോ, എമിറേറ്റ്സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയതോടെ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ ദുരിതത്തിലായി. വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഹജ്ജ് യാത്രക്കാരെയും ബാധിച്ചു.